*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

 ബാലനായിരുന്നെങ്കിലുംനീതിന്യായത്തിലും ബുദ്ധി വൈഭവത്തിലും, ആയുധപാടവത്തിലുമെല്ലാം മുന്നിലായിരുന്ന മണികണ്ഠനെ അനന്തരാവകാശിയാക്കുന്നതിന് രാജശേഖര രാജാവ് തീരുമാനിച്ചു. പന്തളരാജ്യം മണികണ്ഠന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് രാജാവിന് ഉറപ്പുണ്ടായിരുന്നു. മണികണ്ഠൻ രാജാവാകുന്നതിൽ എതിർപ്പുണ്ടായിരുന്ന മന്ത്രി കുമാരനെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢതന്ത്രം മെനയുകയുണ്ടായി. രാജരാജനെ രാജാവാക്കിയാൽ തനിക്ക് യഥേഷ്ടം രാജാവാകാമെന്ന മന്ത്രിയുടെ വ്യാമോഹം മൂലം സദ്യയിൽ വിഷം കലർത്തി നിഗ്രഹിക്കാൻ ശ്രമിച്ചുവെങ്കിലും; മണികണ്ഠന്റെ ദിവ്യ ശക്തിയാൽ വിഷവും അമൃതായി മാറുകയാണുണ്ടായത്.
അടുത്ത കുതന്ത്രം ആവിഷ്കരിക്കുന്നതിനുള്ള അവസരം കാത്തിരിക്കുകയായിരുന്നു മന്ത്രി.  മണികണ്ഠൻ ചെറുപ്പമാണ്. കുറച്ചു കൂടി പക്വത വരട്ടെ അപ്പോൾ രാജാവാക്കുന്നതല്ലേ നല്ലതെന്നും മന്ത്രി രാജാവിനോടു പറഞ്ഞു.  മണികണ്ഠന് രാജാവിനോടുള്ള വാത്സല്യവും, വനത്തിൽ നിന്ന് കൊട്ടാരത്തിലേക്കു കൊണ്ടു വന്നതും രസിക്കാതിരുന്ന മന്ത്രിയുടെ മനോഗതം മനസ്സിലാക്കിയ രാജാവ്, കുമാരനോട് മന്ത്രിക്കുള്ള വാത്സല്യം കൊണ്ടാണ് ഇത്തരം സംശയങ്ങളുള്ളത്. നമ്മേക്കാൾ പക്വത മണികണ്ഠന് ഉണ്ടെന്ന് നാം അനുഭവിച്ചറിഞ്ഞതാണ്. അതിനാൽ ആശങ്കയില്ലാതെ കുമാരനെ യുവരാജാവാക്കാനുള്ള ഒരുക്കങ്ങൾ മന്ത്രി തന്നെ തുടങ്ങിക്കൊള്ളാൻ രാജാവ് പറഞ്ഞു. 
രാജപുത്രനായ രാജരാജൻ തീരെ ചെറിയ കുട്ടിയായതിനാലും രാജാവ് വാർദ്ധക്യത്തിലെത്തിയതിനാലും കുറച്ചു കാലം പന്തളരാജ്യം ഭരിക്കാമെന്ന മന്ത്രിയുടെ മോഹം വൃഥാവിലായപ്പോൾ, തന്നിലുള്ള ഇച്ഛാഭംഗം ഉള്ളിലൊതുക്കി എല്ലാം രാജോചിതംപോലെ ഒരുക്കാമെന്നു സമ്മതിച്ച് രാജാവിന്റെ തിരുമുമ്പിൽ നിന്ന് മന്ത്രി വിടവാങ്ങുകയുണ്ടായി.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…..

*സുജ കോക്കാട്*