*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
 ദേവന്മാർ സന്തോഷത്തോടെ കഴിയുന്നത് അസുരന്മാർക്ക് സഹിച്ചില്ല. വനാന്തർഭാഗത്ത് സുന്ദരമഹിഷത്തോടൊപ്പം സുഖലോലുപതയിൽ കഴിഞ്ഞിരുന്ന മഹിഷിയോട് അവർ സങ്കടമുണർത്തി. പാലാഴി മഥന സമയത്ത് ഒരു തുള്ളി പോലും തങ്ങൾക്ക് തരാതെ അമൃതുമായി കടന്നു കളഞ്ഞ കഥ കൂടിയറിഞ്ഞതോടെ, മഹിഷി വീണ്ടും ദേവലോകം ആക്രമിക്കാൻ തുടങ്ങി. ഈ സമയത്തായിരുന്നു മണികണ്ഠൻ പുലിപ്പാലിനായി കാട്ടിലെത്തിയത്.
മഹിഷിയുടെ ഉപദ്രവം സഹിക്കാനാകാതെയായപ്പോൾ, ദേവന്മാർ ത്രിമൂർത്തികളെ അഭയം പ്രാപിച്ചു. പൊന്നമ്പലവാസനായ ധർമ്മശാസ്താവിനെ അഭയം പ്രാപിക്കാൻ ദേവന്മാരോട് ത്രിമൂർത്തികൾ ഉപദേശിക്കുകയും ചെയ്തു.
പൊന്നമ്പലമേട്ടിൽ ചെന്ന് ധർമ്മശാസ്താവിനോട് അഭയം പ്രാപിച്ചപ്പോൾ , തന്റെ അവതാരലക്ഷ്യം തന്നെ മഹിഷീനിഗ്രഹമാണെന്നും; വിഷമിക്കാനില്ല, ദേവലോകം പൂർവ്വ സ്ഥിതിയിലാക്കാൻ ഉടൻ തന്നെ പുറപ്പെടുകയാണെന്നും അരുളിച്ചെയ്തു.
ധർമ്മശാസ്താവ് ദേവലോകത്തെത്തുമ്പോൾ, ദേവന്മാരെയെല്ലാം അഹങ്കാര തിമിർപ്പിൽ തുരത്തിയോടിച്ച ഗർവ്വോടെ സിംഹാസനത്തിലീരിക്കുന്ന മഹിഷിയെയാണ് കണ്ടത്.
ശ്രീ. ധർമ്മശാസ്താവിനെക്കണ്ടതും; നീയാരാണ്, നിനക്കിവിടെ കാര്യമെന്താണെന്നു ചോദിച്ചു കൊണ്ട് മഹിഷി ആർത്തട്ടഹസിച്ചു.
ഇതിനു മറുപടിയായി, നിന്റെ അന്തകനാണു ഞാനെന്നും; വേഗം ഇവിടം വിട്ടുപോയില്ലെങ്കിൽ നിന്നെ വധിക്കേണ്ടി വരുമെന്നും പറഞ്ഞു. 
 അഹങ്കാര തീവ്രതയോടെയുള്ള മഹിഷിയുടെ മറുപടി, ത്രിമൂർത്തികൾക്കുപോലും സാദ്ധ്യമാകാത്തത് കുട്ടിക്കളി മാറാത്ത നിനക്കെങ്ങനെ സാദ്ധ്യമാകാനാണ്..!
വീണ്ടും അഹങ്കാര വാഗ്വാദങ്ങളിലകപ്പെട്ട മഹിഷി, തന്റെ ശൃംഗങ്ങളുയർത്തി ധർമ്മശാസ്താവിന്റെ നേരെ പാഞ്ഞടുത്തു. ഭഗവാൻ മഹിഷിയെ നിഷ്പ്രയാസം ഒരു കല്ലുപോലെ എടുത്തെറിഞ്ഞു. പമ്പാനദിയുടെ സമീപത്തുള്ള അഴുതാനദിയുടെ തീരത്താണ് മഹിഷി ചെന്നു വീണത്.
മഹിഷിയുടെ മുകളിൽ മണികണ്ഠൻ സംഹാരതാണ്ഡവമാടി. പ്രാണവേദനയോടെ പിടഞ്ഞ മഹിഷി, ഹരിഹരതനയനാണ് തന്നെ കീഴടക്കിയതെന്ന സത്യം വേദനയോടെ മനസ്സിലാക്കിയപ്പോൾ, ഭഗവാനെ ഭക്തിയോടെ ഭജിക്കാൻ തുടങ്ങി !
അതുകണ്ട ശ്രീ.ധർമ്മശാസ്താവ്, താണ്ഡവമവസാനിപ്പിച്ച് മണികണ്ഠന്റെ ദേഹത്തുനിന്നും നിലത്തിറങ്ങിയശേഷം, മഹിഷിയുടെ ശരീരം തടവിത്തുടങ്ങിയപ്പോൾ, ശാപമോചിതയായ മഹിഷി അതിസുന്ദരിയായ യുവതിയാകുകയും, മണികണ്ഠനോട് തന്നെ സ്വീകരിക്കണമെന്നും പറഞ്ഞു. 
പക്ഷേ,  ഈ ജന്മം ബ്രഹ്മചാരിയായിക്കഴിയുന്നതിനാൽ, സഹോദരീ ഭാവത്തിൽ, നാം സ്ഥിതിചെയ്യുന്നതിൽ നിന്നുംഅല്പമകലെയായി വസിക്കാനുള്ള അനുഗ്രഹം നൽകുകയും ചെയ്തു.  ഈ ദേവിയെയാണ് മാളികപ്പുറത്തമ്മ എന്ന പേരിൽ ആരാധിക്കുന്നത്.*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*