![](https://www.scotishmalayali.com/wp-content/uploads/2020/12/IMG-20201202-WA0110-1.jpg)
ജില്ലയിൽ നാളെ – ഡിസംബർ 3 റെഡ് അലേർട്ട്, ഡിസംബർ 4- ഓറഞ്ച് അലേർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു (03 ഡിസംബർ) വൈകിട്ടു മുതൽ ജില്ലയിൽ ചുഴലിക്കാറ്റിന്റെ ശക്തമായ സ്വാധീനമുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് അപകട സാധ്യതയുള്ള മേഖലയിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ(എൻ.ഡി.ആർ.എഫ്.) ഒരു യൂണിറ്റ് ജില്ലയിലെത്തി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര-നാവിക-വ്യോമ സേനകളുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് (ഡിസംബർ 03)ന് ഗൾഫ് ഓഫ് മാന്നാറിലെത്തുന്ന ബുറേവി ചുഴലിക്കാറ്റ് രാത്രിയും നാളെ (ഡിസംബർ 04) പുലർച്ചെയുമായി കന്യാകുമാരിയുടേയും പാമ്പന്റെയും ഇടയിലൂടെ തെക്കൻ തമിഴ്‌നാട് തീരത്തേക്കു പ്രവേശിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളത്. ഇത് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ജില്ലയിലാകെ അതിതീവ്ര മഴയും കാറ്റുമുണ്ടാകും. ഇതു മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്ന് റെഡ് അലേർട്ടും നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതു സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം പൂർണമായി തയാറെടുത്തിട്ടുണ്ട്.
ജില്ലയിൽനിന്നു മത്സ്യബന്ധനത്തിനു പോയ മുഴുവൻ ആളുകളും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകൾ, ജലാശയങ്ങൾ, നദികൾ തുടങ്ങിയിടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.
ജില്ലയുടെ മലയോര മേഖലയിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചു ദിവസങ്ങളിൽ പോകരുത്. വൈകിട്ട് അഞ്ചിനു ശേഷമുള്ള യാത്ര പൂർണമായി ഒഴിവാക്കണം. ഇന്നു മുതലുള്ള 48 മണിക്കൂർ സമയം ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജില്ലാ ഭരണകൂടത്തിൽനിന്നുള്ള ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും തയാറാകണം.
കാറ്റിനുള്ള സാധ്യത മുൻനിർത്തി വൈദ്യുതി വിതരണ ശൃംഘലയിൽ പ്രത്യേക ശ്രദ്ധ നൽകാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകി. കെ.എസ്.ഇ.ബിയുടെ എല്ലാ സർക്കിളുകളിലും ദ്രുതകർമ സേന രൂപീകരിച്ചു. വാർത്താ വിനിമയ സംവിധാനങ്ങൾ തടസമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കാൻ ബി.എസ്.എൻ.എല്ലിനും നിർദേശം നൽകിയിട്ടുണ്ട്.
180 ക്യാംപുകൾ സജ്ജം; ആളുകളെ മാറ്റിത്തുടങ്ങി
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അപകട സാധ്യതാ മേഖലയിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തിൽ 180 ക്യാംപുകളാണ് റവന്യൂ വകുപ്പ് ജില്ലയിൽ തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാംപുകളിൽ സുരക്ഷിതമായി പാർപ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുന്നത്.
തിരുവനന്തപുരം താലൂക്കിൽ 48 ക്യാംപുകളിലായി 1,550 പേരെ മാറ്റിപ്പാർപ്പിക്കാൻ കഴിയും. ചിറയിൻകീഴിൽ 30 ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 1,800 പേരെ മാറ്റിപ്പാർപ്പിക്കാനാകും. മറ്റു താലൂക്കുകളിലെ ക്യാംപുകളും പാർപ്പിക്കാനാകുന്ന ആളുകളുടെ ശേഷിയും ഇങ്ങനെ; വർക്കല – 46(600), നെടുമങ്ങാട് – 19(3,800), കാട്ടാക്കട – 12(1,000), നെയ്യാറ്റിൻകര – 25(2,300)
ജില്ലയിൽ പതിവായി കാലവർഷ കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണം. സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സർക്കാർ സംവിധാനങ്ങളുടെ സഹായം തേടണം.
ദുരിതാശ്വാസ ക്യാംപുകളിൽ വൈദ്യുതിയെത്തിക്കാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകിയിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനും വാട്ടർ അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്.
നഗരത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം
ജില്ലയിൽ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന തിരുവനന്തപുരം നഗരത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കോർപ്പറേഷന്റെ നേതൃത്വത്തിൽ 10 ദ്രുതകർമ സേനാംഗങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും. 150 സന്നദ്ധ സേനാംഗങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തയാറാക്കി നിർത്തിയിട്ടുണ്ട്.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിൽ കാനകളും ചെറു തോടുകളും വൃത്തിയാക്കി നീരൊഴുക്കു സുഗമമാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ കോതിയൊതുക്കുന്നതിനും ബോർഡുകളുടേയും ഹോർഡിംഗുകളുടേയും ബലം ഉറപ്പുവരുത്തുന്നതിനും കോർപ്പറേഷൻ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് നിവാരണത്തിന് കോർപ്പറേഷന്റെ നാല് ജെസിബികൾ ലഭ്യമാക്കിയിട്ടുണ്ട്. ഹൈപവർ ജെറ്റ് പമ്പുകളും സജ്ജമാണ്.
എന്ത് ആവശ്യത്തിനും വിളിക്കാം 1077
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ആളുകൾക്കും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ 1077 ഹെൽപ്പ് ലൈൻ ആരംഭിച്ചു. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനിൽനിന്ന് 24 മണിക്കൂറും സേവനം ലഭിക്കും. രക്ഷാ പ്രവർത്തനം നേടത്തേണ്ട സാഹചര്യത്തിലുള്ളവർ, മാറ്റിപ്പാർപ്പിക്കേണ്ടവർ തുടങ്ങിയവർ ഈ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടണം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സഹായങ്ങളും ഈ നമ്പറിൽനിന്നു ലഭിക്കുന്നതാണ്.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകിയി ട്ടുണ്ട്. ആവശ്യത്തിനു മെഡിക്കൽ ടീം, മരുന്ന്, ആംബുലൻസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.