ഫൈസർ വാക്സിനാണ് യുകെയ്ക്ക് ഈ നേട്ടം സ്വന്തമാക്കാൻ അവസരമൊരുക്കിയത്. തൊണ്ണൂറ്റിയഞ്ച് ശതമാനം വിജയസാധ്യത തെളിയിച്ച ഫൈസർ വാക്സിൻ ആദ്യ ഘട്ട വിതരണത്തിനായി അയച്ചു കഴിഞ്ഞുവെന്ന് അതിന്റെ വക്താവ് അവകാശപ്പെട്ടു. അടുത്ത ഘട്ടത്തിനായി എട്ടുലക്ഷത്തോളം വാക്സിൻ സജ്ജമാക്കിയിട്ടുണ്ട്. ഉടൻതന്നെ വാക്സിൻ വിതരണം യുകെയിൽ പ്രാവർത്തികമാകും.

ജനങ്ങളുമായുള്ള സംവേദനത്തിന് തയ്യാറായി എൻഎച്ച്എസും രംഗത്ത് വന്നു കഴിഞ്ഞു. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് ഇക്കാര്യം പ്രസ്താവിച്ചത്. കെയർ ഹോം അന്തേവാസികൾ, അവിടുത്തെ ജീവനക്കാർ, മുതിർന്ന പൗരന്മാർ ( എൺപത് വയസിന് മേലെയുള്ളവർ), ആരോഗ്യപ്രവർത്തകർ എന്നിവരെയൊക്കെയാവും ആദ്യം വാക്സിൻ സ്വീകരിക്കുക. ഫൈസർ വാക്സിൻ സൂക്ഷിക്കാൻ മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് ആവശ്യമുള്ളതിനാൽ അത്തരം സജ്ജീകരണസാധ്യത ഉള്ള ആശുപത്രികളിൽ മാത്രമേ വാക്സിൻ വിതരണം ചെയ്യുകയുള്ളൂ.

ഒപ്പം പരീക്ഷണവിധേയമായിരുന്ന ഒട്ടനേകം വാക്‌സിനുകളെ പിന്തള്ളി വെറും പത്തുമാസം കൊണ്ടാണ് ഫൈസർ വാക്സിൻ ഈ നേട്ടം കൈവരിച്ചത്.

ഇരുപത് ദശലക്ഷം പേരിലെങ്കിലും വാക്സിൻ പ്രയോഗിച്ച് വിജയിക്കാം എന്ന ശുഭപ്രതീക്ഷയോടെ യൂകെ നാല്പത് ദശലക്ഷം ഡോസിനാണ് ഓർഡർ കൊടുത്തിട്ടുള്ളത്. രാജ്യത്തെ പഴയ നിലയിലേക്ക് മടക്കിക്കൊണ്ടു വരാനും താളം തെറ്റിയ സമ്പദ്‌വ്യവസ്ഥ തിരികെ പിടിക്കാനുമാണ് ഈ നീക്കത്തിലൂടെ യൂകെ ലക്‌ഷ്യം വയ്ക്കുന്നത്..

എന്തു തന്നെയായാലും കോവിഡ് വാക്സിന്‍ ആദ്യമായി ജനങ്ങൾക്ക് ലഭ്യമാക്കുന്ന ആദ്യത്തെ രാജ്യമെന്ന ബഹുമതി യൂകെയ്ക്ക് ലഭിക്കുമെന്ന് തന്നെ പ്രത്യാശിക്കാം