*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

താരാമണ്ഡലമിറങ്ങി വന്നതുപോലെയുള്ള ദിവ്യ തേജസ്സ് കൺകുളിരെ കണ്ടുകൊണ്ട്,  തന്റെ മകനായി ഭഗവാനെ വളർത്താനുളള മഹാഭാഗ്യത്തെ ഭക്തിയോടെ കൈകൂപ്പി സ്മരിച്ചു നിന്ന മഹാരാജാവ്  ഭക്തിയോടെ തന്നെ മണികണ്ഠ ഭഗവാനോട് ഇപ്രകാരം പറഞ്ഞു. 
“ഭഗവാനേ, ക്ഷേത്രത്തെക്കുറിച്ചും, പ്രതിഷ്ഠാ രീതിയെക്കുറിച്ചും അങ്ങയുടെ നിർദ്ദേശങ്ങൾ നമ്മോട് അരുളിച്ചെയ്യുമല്ലോ”.
വളർത്തച്ചന്റെ ചോദ്യം കേട്ട മണികണ്ഠൻ ഇപ്രകാരം മറുപടി നൽകി. 
” മഹാരാജൻ, അഞ്ജന ശാസ്ത്രത്തിൽ അതി സമർത്ഥനായ ഒരാൾ അങ്ങയെ സമീപിക്കുന്നതായിരിക്കും. പ്രതിഷ്ഠയ്ക്കുള്ള നമ്മുടെ വിഗ്രഹം എങ്ങനെയാണ് ചമക്കേണ്ടതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നതാണ്. നമ്മെ യോഗപട്ടബന്ധം പൂണ്ട് ചിന്മുദ്രയോടുകൂടി സ്ഥിതിചെയ്യുന്നതായി  സ്മരിക്കുന്നതാണ് നമുക്ക് ഏറെ ഇഷ്ടം. അങ്ങ് എത്രയും വേഗം ക്ഷേത്ര നിർമ്മാണം തുടങ്ങുക.”
തന്റെ പുത്രനായി വസിച്ച ഭഗവാൻ ശ്രീ ധർമ്മ ശാസ്താവിനെ കൺകുളിരെ കണ്ടു നിന്ന മഹാരാജാവിന് ഒരു ചുരിക നൽകി  ആപത് ഘട്ടത്തിൽ ഉപകരിക്കമെന്നു പറഞ്ഞ് അനുഗ്രഹിച്ച ശേഷം ഭഗവാൻ മഹാരാജാവിനെ യാത്രയാക്കി.

മുട്ടിനു മുകളിലൂടെ ശരീരം ചുറ്റി ബന്ധിച്ചിരിക്കുന്ന വസ്ത്ര ഖണ്ഡമാണ് യോഗപട്ടം. ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാതെ ശരീരമനസ്സുകളുടെ സമ്പൂർണ്ണ നിയന്ത്രണം സാദ്ധ്യമാക്കുന്ന യോഗാസനമാണ് യോഗപട്ട ബന്ധം. 
ചിന്മുദ്രയോടുകൂടിയാണ് ശബരിമല ശാസ്താവ് കുടികൊള്ളുന്നത്. വലതു കയ്യിലെ ചൂണ്ടുവിരൽ തള്ളവിരലിനോടു ചേർത്തുകൊണ്ട് വൃത്താകാരമാക്കി, ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ നിവർത്തിയുമാണ് ചിന്മുദ്ര. നിവർത്തിപ്പിടിച്ച മൂന്നുവിരലുകൾ ജാഗ്രത്, സ്വപ്ന, സുഷുപ്തി എന്നീ അവസ്ഥകളെയും; വൃത്താകാരത്തിലുള്ള ഇരു വിരലുകൾ, തുരീയാവസ്ഥയേയും ദ്യോതിപ്പിക്കുന്നു.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*