തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:
വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 8 ചൊവ്വ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ. കോവിഡ് സാഹചര്യത്തില്‍ ശാരീരിക അകലം ഉറപ്പാക്കുന്നതിനാണ് വോട്ടെടുപ്പ് ഇത്തവണ ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്.

ത്രിതല പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിംഗ് മെഷീനുകള്‍ ഉണ്ടാകും. മുന്‍പാലിറ്റിയില്‍ ഒരു വോട്ടിംഗ് മെഷീനാണുണ്ടാകുക.

വോട്ടര്‍മാര്‍ ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്ക്, കൈയ്യുറ എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഇടയ്ക്കിടക്ക് ഉപയോഗിക്കുകയും ചെയ്യും.

പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍മാര്‍ പോളിംഗ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം.

വോട്ടര്‍മാര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക്ക് മാറ്റണം.

ഉദ്യോഗസ്ഥര്‍ നല്‍കുന്ന രജിസ്റ്ററില്‍ വോട്ടര്‍മാര്‍ ഒപ്പ്, വിരലടയാളം പതിക്കണം.

പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വിരലില്‍ വോട്ട് രേഖപ്പെടുത്തി എന്നു തിരിച്ചറിയാന്‍ മഷി പുരട്ടും.

ബൂത്തിനകത്ത് ഒരേസമയം മൂന്നു വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനമുള്ളൂ.

പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന്റെ പുരോഗതി പോള്‍ മാനേജര്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും.

എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കും.

വോട്ടെടുപ്പ് വേളയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ തകരാറ് മൂലമോ തടസങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടെടുപ്പിനുശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി പോളിംഗ് ഉദ്യോഗസ്ഥര്‍ സ്വീകരണ കേന്ദ്രത്തില്‍ തിരികെ എത്തിക്കും.