മനതാരിൽ തെളിയുന്നാ
ബാല്യകാലം,
ചെമ്പകപ്പൂ പോൽ
നിൻ തൂമുഖവും,
ചെറുകാറ്റിലുതിരുന്ന ചെമ്പനീർപ്പൂവുകൾ
ഓർമ്മയിലുത്സവം
തീർത്ത കാലം.

മഞ്ഞും മഴയും
മാമര ഛായയും,
മാറ്റേറുമാ
കലാലയ മുറ്റവും.

ചോറ്റുപാത്രത്തിൻ
കലമ്പലിനാലന്ന്,
സപ്തസ്വരം
തീർക്കും കൂട്ടുകാരും.

കളിയും പിണക്കവും
ചിരിയും ഇണക്കവും,
ഓർമ്മയിൽ തെളിയുന്നീ
പൂനിലാവിൽ.

ആട്ടവും പാട്ടും
കളം തീർത്ത കാലവും,
ചീന്തിയ ജീവിത-
പ്പുസ്തകത്താളുകൾ.

പാടവും, പാട്ടും,
ചേറിൻ സുഗന്ധവും തൊട്ടുണർത്തുന്നെൻ്റെ
ചേതനയെ.

തിരികേ വരില്ലെൻ്റെ
ജീവിതയാത്രയിൽ
വന്നെങ്കിലെന്നു
ഞാനാശിക്കുന്നൂ വൃഥാ,
ഒട്ടു ശയിക്കണമാ
സ്വർഗ്ഗഭൂമിയിൽ,
മൃത്യുവിൻ നിദ്രയെ
പൂകും മുമ്പേ…
ശ്രീമൂലനഗരം ഗിരീഷ്