*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

പ്രതിഷ്ഠാ ചടങ്ങുകൾക്കു ശേഷം ഭക്തവത്സല മാനസനായ മഹാരാജാവ് കൂപ്പുകൈകളോടെ അയ്യപ്പ സന്നിധാനത്തിലെത്തി. മഹാരാജന്റെ സജല നേത്രങ്ങളാൽ വിഗ്രഹത്തിൽ ഏറെനേരം നോക്കി ധ്യാനിരതനായ മഹാരാജൻ തുടർന്നുള്ള തന്റെ കടമകളെക്കുറിച്ച് ആചാര്യനോട് ആരായുകയുണ്ടായി. 
അയ്യപ്പന്റെ ആഗ്രഹ പ്രകാരം, ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠാ കർമ്മവും വളരെ ശുഭകരമായി പൂർത്തിയാക്കി. അങ്ങ് എത്രയും വേഗം കൊട്ടാരത്തിലെത്തി രാജരാജനോടും മഹാറാണിയോടുമൊപ്പം ഭരണകാര്യങ്ങൾ നിർവ്വഹിച്ചു സന്തോഷത്തോടെ കഴിയുന്നതാണ് മണികണ്ഠന്റെ ഇഷ്ടമെന്ന് അറിയാമല്ലോ.  അതിനാൽ നമ്മെ അയ്യപ്പൻ ഏൽപ്പിച്ച ദൗത്യങ്ങൾ ഭംഗിയായി നിർവഹിച്ച ചാരിതാർത്ഥ്യത്തോടെ നമുക്ക് സന്തോഷത്തോടെ തന്നെ മടങ്ങാവുന്നതാണെന്ന് ആചാര്യൻ രാജാവിന് മറുപടി നൽകി. 


അയ്യപ്പന്റെ വിഗ്രഹം ഒന്നു കൂടി പ്രണമിച്ച് പൂജാകർമ്മങ്ങൾക്കുള്ള കാര്യങ്ങൾ അധികാരികളെ ഏൽപ്പിച്ചതിനു ശേഷം, മഹാരാജാവ് ആചാര്യനോടൊപ്പംകൊട്ടാരത്തിലേയ്ക്കു മടങ്ങി.

എന്നാൽ കൊട്ടാരത്തിലെത്തിയ മഹാരാജാവ്  ഭരണകാര്യങ്ങളിൽ തൽപ്പരനായിരുന്നില്ല. അതിനാൽ രാജരാജനെ മഹാരാജാവായി  അവരോധിച്ചശേഷം, ശബരിമല ക്ഷേത്രദർശനവും ക്ഷേത്ര കാര്യങ്ങളും ഭരണ കാര്യങ്ങളുമൊക്കെ യുവരാജ പുത്രനെ ഏൽപ്പിച്ചശേഷം തപസ്സനുഷ്ഠിക്കുന്നതിനായി ആചാര്യനേയും കൂട്ടി പമ്പാതീരത്തേയ്ക്ക് യാത്രയായി. കുറച്ചു കാലത്തെ താപസപുണ്യത്തിനുശേഷം രാജശേഖരമുനി ബ്രഹ്മപദം പൂകുകയുണ്ടായി.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*