*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

*സ്വാമിയേ, ശരണമയ്യപ്പാ* എന്ന ശരണമന്ത്രമാണ്, ജാതിമത ഭേദമെന്യേ എല്ലാ രാജ്യങ്ങളിലുമുള്ള അയ്യപ്പ ഭക്തർ വിളിച്ചു പോരുന്നത്. സർവ്വവും ഈശ്വരനിൽ സമർപ്പിച്ച് ശരണം പ്രാപിക്കുന്നതാണ് ശരണാഗതി. അതായത്, സർവ്വവും ഈശ്വരനു സമർപ്പിക്കുമ്പോൾ, എല്ലാവരിലും ഭക്തർ അയ്യപ്പനെ ദർശിക്കുന്നു. സ്വയം അയ്യപ്പനായി മാറുന്ന അവസ്ഥയിലെത്തുന്നു. മാലയിട്ട് വ്രതചര്യയിലേക്കെത്തിയാൽ, കാമക്രോധലോഭമോഹാദികൾ വെടിഞ്ഞ്, ഓരോ ഭക്തനും നിഷ്കളങ്കമായ മനസോടെ പതിനെട്ടു പടികൾ കയറി തത്ത്വമസിയുടെ പൊരുളറിയുന്നു.
ശബരിമല ദർശനത്തിനു പോകുമ്പോൾ ഇരുമുടിക്കെട്ടിലുള്ള നാളികേരം കൂടാതെ മൂന്നു നാളികേരം കൂടി ഭക്തർ കരുതുന്നു.  
ഇരുമുടിക്കെട്ട് നിറച്ച് ഇറങ്ങുമ്പോൾ, ഭഗവാനെ ധ്യാനിച്ച്ഒരു നാളികേരം ഉടച്ച്,  ലൗകിക ജീവിതമുപേക്ഷിച്ച് അയ്യപ്പന്റെ സന്നിധിയിലേയ്ക്ക് പുറപ്പെടുന്നു എന്നതാണിത് സൂചിപ്പിക്കുന്നത്.
രണ്ടാമത്തെ നാളികേരം പതിനെട്ടാം പടിയിലെത്തുമ്പോൾ ( ഇപ്പോൾ പഞ്ചലോഹം പൂശിയിരിക്കുന്നതിനാൽ പതിനെട്ടാം പടിയിലെത്തി നാളികേരം ഉടയ്ക്കാൻ അനുമതിയില്ല) സമീപമുള്ള ഭാഗത്ത് ഉടച്ച്  ഇതാ ഭഗവാനെക്കാണാൻ ഞാനെത്തിക്കഴിഞ്ഞു എന്ന സൂചനയാണിത്.
പതിനെട്ടു പടി കയറിയതിനുശേഷം അയ്യപ്പനെ വണങ്ങി,  ഇരുമുടിക്കെട്ടിലുള്ള നെയ്ത്തേങ്ങ ആഴിയിൽ സമർപ്പണം ചെയ്യുമ്പോൾ, സർവ്വ പാപങ്ങളും വെന്തെരിഞ്ഞകലുന്നു.

ബാക്കി വരുന്ന നാളികേരം തിരിച്ചെത്തുമ്പോൾ,  ഭഗവാനെ ധ്യാനിച്ച്   എറിഞ്ഞുടച്ച ശേഷം ഞാൻ വീണ്ടും ഗൃഹസ്ഥനായെന്നു സൂചിപ്പിച്ച് വീട്ടിൽ പ്രവേശിക്കുന്നു.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*