രണ്ടടിയോളംഉയരമുള്ള മൺതിട്ടചുറ്റുംഉറപ്പിച്ച അതിരുള്ള കിണറായിരുന്നു അന്ന്…..എഴുപതിലേറെ വർഷങ്ങൾക്ക് മുമ്പ്. ഒരറ്റത്ത് കുറുകെയിട്ട തടിപ്പാലമുണ്ടാവും അതിൽ ചവിട്ടിനിന്ന് പാളയുംകയറുംഇട്ടാണ് വെള്ളംകോരല്.

കമുകിൻപാളയിൽ ഈർക്കിലി കൊണ്ട് രണ്ട് വശവും ‘ സ്റ്റിച്ചി’ ട്ട പാള ഓലമടലിലെ വഴുക കൊണ്ട് വള്ളി പിടിപ്പിച്ച് അതിലാണ് കയറു കെട്ടുക.തടിപ്പാലത്തിൽ ചവിട്ടിനിന്ന് വെള്ളം വലിച്ചുകയറ്റുമ്പൊ എത്ര പെണ്ണുങ്ങളാണ് പാലംഒടിഞ്ഞ് കിണറ്റിൽ വീണിട്ടുള്ളത്…

ധനസ്ഥിതിയുള്ളവർക്കേ കിണർ ഉള്ളൂ.ഒരു കിണറിൽ നിന്ന് പരിസരവാസികളെല്ലാം വെള്ളം കോരിയെടുക്കും. ഏറെ നിബന്ധനകളും ഉണ്ട്..തെക്കോട്ട് വെള്ളം കൊണ്ടുപോവരുത്.. സന്ധ്യവിളക്കുവച്ചാൽ പിന്നെ വെള്ളമെടുക്കരുത്..

ചിലവീട്ടുകാർ കയറ് വാങ്ങിപ്പിക്കലും ചെയ്തിരുന്നുസ്കൂളുകൾക്ക് മിക്കവാറും കിണറില്ല.അയൽക്കാർക്കാണ് ശല്യം..കിണറ്റുകര ചെളിക്കുണ്ടാക്കും..പാളയുംകയറും കിണറ്റിൽ വീഴും.ഉച്ചയൂണിന് ബല്ലടിക്കും മുമ്പ് പാളയുംകയറും എടുത്തുമാറ്റുന്നവരുമുണ്ടായിരുന്നു.

സ്കൂൾ പരിസരത്തുള്ള ഏഴെട്ടുവിടുകളിലെങ്കിലും കുട്ടികൾ കൂട്ടമായി ഓടിയെത്തും.ഉച്ചയൂണ് കഴിക്കുന്നവര് പാത്രംകഴുകാൻ പിന്നെ വെള്ളം കുടിക്കാനും ..പാളയിൽ നിന്ന് ഒഴിക്കലും ഒപ്പം തന്നെ കൈപിടിച്ച് സമർത്ഥമായി കുടിക്കലും വശമായിരുന്നു..

ഇടയ്ക്ക് അലൂമിനിയംപൂശിയ തകര തൊട്ടി പ്രത്യക്ഷ പ്പെട്ടു.പിന്നെ പാള ഇല്ലാതായി.തൊട്ടികൾ പഴകി ചോർച്ചവീണാലും ചുവട്ടിലൂടെമഴപോലെ പെയ്തുകൊണ്ട് അവൻ വെള്ളം മുകളിലെത്തിക്കും.പിന്നെ കപ്പി വരവായി ..ഇരുകരകളിലും തടിതൂണ് നിർത്തി കുറുകെ ഒരുതടി വച്ച് കെട്ടി അതിനുമദ്ധ്യത്തിൽ കപ്പി ഉറപ്പിച്ച് അതിലുടെ വെള്ളം കോരിയെടുത്തു.കാലപ്പഴക്കത്തിൽ തടിത്തൂണുകൾ ഒടിഞ്ഞു..കല്ലുകെട്ടിയതൂണായി.കുറുകെ ചെറിയ ബീമുണ്ടായി.കിണറ്റിനുചുറ്റുംഅരമതിലുണ്ടായി..കിണറ്റിൻകര ഒരു  പൊതുവേദിയായി. അരമതിലിലിരുന്ന് നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ ചർച്ച ചെയ്തു.

വെള്ളം കോരലും അലക്കുകല്ലിൽ അടിച്ച്കഴുകലും അടുത്തുള്ള ഓലമറപ്പുരയിൽ കുളിക്കലും ഒക്കെയായി പെണ്ണുങ്ങൾ വൈകുന്നേരങ്ങൾ ആഘോഷമാക്കി..പിന്നെ സിമന്റിട്ടതറയും മേൽക്കൂരയും ഒഴുകിപ്പോവാൻ ഓവുചാലും അടച്ചിടാൻ കതകും കൊളുത്തുമുള്ള കുളിപ്പുരകളുണ്ടായി.അവയും കിണറിന് അടുത്തുതന്നെ നിലകൊണ്ടു..പിന്നെ കുളിമുറികൾ വീടിനുള്ളിലേക്ക് കയറി ,’ബാത് റൂമാ’യി കിടക്കമുറിയോട് ചേർന്നു നിന്നു. കപ്പിയുംകയറും സ്റ്റോർറൂമിന്റെ ഒഴിഞ്ഞ മൂലയിലെത്തി..വാഷിംഗ് മെഷീൻ വന്നുകേറി അലക്കുകല്ലിനെ തുരത്തി. കിണറ് ദൂരെയായി . സഞ്ചരിക്കുന്ന ജലപാത വീട്ടിനുള്ളിലെത്തി. കിണറില്ലെങ്കിലും വീട്ടിൽ എങ്ങും വെള്ളമെത്തിക്കുന്ന കുഴലുണ്ടായി…


അങ്ങനെ  വീണ്ടും ഇതാ കിണറില്ലാത്ത കാലം….അല്ലേ?

വത്സല കുമാരി 
റിട്ടയേർഡ് ഡിസ്ട്രിക്ട് രജിസ്ട്രാർ