*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

ശബരിമലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്, കൊച്ചമ്പലം എന്നറിയപ്പെടുന്ന പേട്ടശ്രീധർമ്മശാസ്താക്ഷേത്രവും വലിയമ്പലം എന്നറിയപ്പെടുന്ന ശ്രീധർമ്മശാസ്താ ക്ഷേത്രവും, എരുമേലിയിലെ വാവരു പള്ളിയും. വാവരുടെ സ്മരണാർത്ഥം മുസ്ലിം യോദ്ധാക്കൾക്കുവേണ്ടി സ്വാമി അയ്യപ്പൻ പണികഴിപ്പിച്ച ഈ മുസ്ലിം പള്ളിയിലെ പ്രധാന പ്രസാദം വിഭൂതിയാണ്.
കൊച്ചമ്പലത്തിൽ നിന്നും പുറപ്പെട്ട് വലിയമ്പലത്തിലവസാനിക്കുന്ന ഭക്തിസാന്ദ്രമായ നടന കലാരൂപമാണ് പേട്ടതുള്ളൽ. ചായംപൂശി വർണ്ണാഭമായ മുഖഭാവങ്ങളോടെ പെരുമ്പറ നാദത്തിനൊപ്പം താളമേള നൃത്തച്ചുവടുകളോടെ, 
*അയ്യപ്പതിന്തകത്തോം…* 
*സ്വാമി തിന്തകത്തോം….*
എന്ന ഭക്തഗാനാലാപങ്ങളോടെ അമ്പലപ്പുഴക്കാരും ആലങ്ങാട്ടുകാരും എല്ലാ ധനുമാസം ഇരുപത്തിയേഴാം തീയതിയിലും ഈ യുദ്ധ നടനം  കാഴ്ചവയ്ക്കാറുണ്ട്.

മഹിഷീ നിഗ്രഹത്തിനായി അയ്യപ്പന്റെ ഘോരവന സാഹസികമായ യാത്ര എരുമേലിയിൽ നിന്നും പേരൂർതോട്, കാളകെട്ടി, അഴുതാ നദി, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറ കോട്ട,  മുക്കുഴി,  കരിവാലൻ തോട്, കരിമല, പെരിയാനവട്ടം, ചെറിയാനവട്ടം വഴിയാണ് പമ്പാനദിയിൽ എത്തിച്ചേർന്നത്.  ഭക്തരും ഈ നന്മയുടെ പാതയിലൂടെ കാൽനടയായിട്ടാണ് പമ്പാനദിയിൽ എത്തി ദേഹശുദ്ധി വരുത്തി ക്ഷേത്രത്തിലെത്തി അയ്യപ്പനെ ദർശിച്ച്, ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങേണ്ടത്.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും….

*സുജ കോക്കാട്*