*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

കഷ്ടപ്പാടുകൾ എന്തെന്ന് നമ്മെ ബോധിപ്പിക്കുന്ന, കരിമല കയറ്റം ഏറ്റവും പ്രയാസമേറീയ പർവ്വതാരോഹണമാണെങ്കിലും; അയ്യപ്പഭക്തരെ യാത്രാ വിഷമതകൾ അലട്ടാറില്ല. മാത്രമല്ല, എല്ലാ ഭക്‌തരുടേയും മനസ്സിൽ സമചിത്തത കൈവരിക്കാൻ സാധിക്കുന്നതിനും നല്ലൊരു കായിക വ്യായാമത്തിലൂടെ സർവ്വ രോഗനിവാരണത്തിനും വഴിയൊരുക്കുന്നു. കാട്ടാനകളുടെ ആവാസകേന്ദ്രമാണെങ്കിലും,  കരിമലനാഥൻ, കൊച്ചു കടുത്ത സ്വാമി,  വനദുർഗ്ഗ തുടങ്ങിയ ദൈവങ്ങളുടെ ആരാധനാലയവുംഇവിടെയുണ്ട്. 

ഇവിടെ നിന്നും ഇരുണ്ട കൊടുങ്കാട്ടിലൂടെ വളഞ്ഞു പുളഞ്ഞ വനപാതയിലൂടെ യാത്ര ചെയ്യുമ്പോൾ, പമ്പാനദിയുടെ തീരത്തുള്ള പെരിയാനവട്ടമെന്ന  മനോഹരമായ വനത്തിലെത്തിച്ചേരാവുന്നതാണ്.

അനേകം ചരിത്ര കഥകളുമായി കളകളമിളകിയൊഴുകുന്ന പമ്പാനദിയുടെ കുളിരലയിൽ ദേഹശുദ്ധി വരുത്തുന്നത് വ്രതശുദ്ധിയോടെയാണ്. ഭക്തരുടെ പാപങ്ങളകന്ന്,  പുണ്യ നദിയുടെ വിശുദ്ധിൽ മനശ്ശാന്തിയോടെ അയ്യപ്പ ദർശനം സാദ്ധ്യമാകുന്നു. പമ്പസദ്യയും, പമ്പവിളക്കും പ്രധാനപ്പെട്ട ആചാരാനുഷ്ഠാനങ്ങളായി ഇവിടെ നടത്തപ്പെടുന്നു.

കന്നിമൂല മഹാഗണപതി ക്ഷേത്രം നീലിമയുടെ താഴ്വരയിലായി സ്ഥിതിചെയ്യുന്നു. തീർത്ഥാടകർക്ക് ഇവിടെ നിന്നുംവിഭൂതിയാണ് പ്രസാദമായി നൽകപ്പെടുന്നത്.*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*