*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

കോട്ടയം ജില്ലയിലെ പൂർണ്ണാ പുഷ്ക്കലാ സമേതനായ പ്രതിഷ്ഠയാൽപ്രസിദ്ധമാണ് പാണ്ഡവം ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ധനുമാസത്തിലെ ഉത്രം നാളിലാണ് ഇവിടെ ആറാട്ടുത്സവം നടത്താറുള്ളത്. 
ഈ ക്ഷേത്രം പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ (നാറാണത്തു ഭദ്രൻ) പ്രതിഷ്ഠിച്ചതാണെന്നു കരുതപ്പെടുന്നു. 
മാളികപ്പുറത്തമ്മ, ശിവൻ, നാഗദേവന്മാർ എന്നീ പ്രതിഷ്ഠകളേയും ഇവിടെ ദർശിക്കാവുന്നതാണ്.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോടുള്ള പുലിക്കോട് അയ്യപ്പക്ഷേത്രത്തിൽ പൂർണ്ണാ പുഷ്ക്കലാ സമേതനായ ശാസ്താവിനെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. അയ്യപ്പന്റെ ഉത്രം ജന്മനക്ഷത്രത്തിലോ രാജാവിന്റെ നാളിനോ ഇവിടെ ഉത്സവം നടത്താറില്ല.അതിനാൽ ഇവിടെ ഉത്സവകാലം എല്ലാ വർഷവും വ്യത്യസ്തമായ ദിവസങ്ങളിലായി നടത്തപ്പെടുന്നു. മൂന്നു ശിലകൾ കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ സവിശേഷമായ ശക്തി പ്രഭാവത്താൽ വാണരുളുന്ന അയ്യപ്പനെക്കണ്ട് ധാരാളം ഭക്തർ ദർശന സായൂജ്യ നിർവൃതിയിലലിയുന്നു.

തൃശ്ശൂർ ജില്ലയിലെ പ്രഭാ സത്യകാ സമേതനായ മണലൂർ അയ്യപ്പക്ഷേത്രത്തിൽ മകര മാസത്തിലെ ഉത്രം നാളിലായി ആറാട്ടോടുകൂടി എട്ടു ദിവസത്തെ ഉത്സവമാണ്  ആഘോഷിച്ചു പോരുന്നത്. നൂറ്റിയെട്ട് ശാസ്താക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ സ്വയംഭൂശാസ്താപ്രതിഷ്ഠയാണ്.

*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*