അന്തരിച്ച ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിൻ്റെ ഭൗതിക ശരീരത്തിൻ്റെ പൊതുദർശനം. ഇന്ന് (26.12.2020) വൈകിട്ട് 7.30ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ.

ഇന്നലെ അന്തരിച്ച ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തിൽപ്പെട്ട അനിൽ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്.

ഒഴിവു ദിവസമായതിനാൽ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമിൽ എത്തിയത്. തുടർന്ന് കുളിക്കാൻ ഇറങ്ങുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന അനിൽ ആഴക്കയത്തിൽപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.

പോലീസും നാട്ടുകാരും ചേർന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.