ഭൂമിയിൽ നിന്ന് മറ്റൊരു മാലാഖ കൂടി ഇല്ലാതായി. അരീമ നസ്രീൻ. എല്ലാദിവസവും സന്തോഷം കൊണ്ട് രാവിലെ കരഞ്ഞിരുന്നവൾ. അതിന്റെ കാരണം അവൾ തന്നെ കുറിച്ചിട്ടിട്ടുണ്ട്. ‘Because I am so happy that I have finally realised my dream of becoming a nurse’. സൗകര്യങ്ങളിലേക്ക് പിറന്നു വീണ പെൺകുട്ടിയുടെ ജീവിതമായിരുന്നില്ല ഈ ബ്രിട്ടീഷ്- പാക്കിസ്ഥാൻ യുവതിയുടേത്. അതുകൊണ്ടുതന്നെ ജീവിതം മുഴുവൻ അതിജീവനത്തിന്റെ പടവുകളാക്കിയ ധീരയായിരുന്നു അവർ.2003 ൽ തുടങ്ങി പതിനഞ്ച് വർഷം ബ്രിട്ടനിലെ വാൽസാൽമാനർ ഹോസ്പിറ്റലിൽ ക്ലീനിംഗ് ജോലി ചെയ്ത് ഒടുവിൽ 2019 ൽ അതേ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ നഴ്സായെത്തി ചുറ്റിലുമുള്ളവരിലേക്ക് പ്രകാശം പരത്തിയവൾ. ചെറിയ സന്തോഷമായിരുന്നില്ല അത്. നഴ്സിംഗ് കോഴ്സിന്റെ ബിരുദദാനച്ചടങ്ങു കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് വന്ന ദിവസം നസ്രീൻ ഇങ്ങനെയെഴുതിയിരുന്നു. ‘ഈ അത്ഭുതകരമായ ദിവസം എനിക്ക് സ്വപ്നം കാണാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നിൽ വിശ്വസിച്ചതിന് വാൽസാൽമാനർ ഹോസ്പിറ്റലിന് നന്ദി. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു തുടങ്ങി’.
ഒരു നഴ്സിന്റെ വേഷം ലഭിച്ച താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയെന്ന് അരീമ എപ്പോഴും പറയുമായിരുന്നത്രെ. കാരണം മറ്റുള്ളവർക്ക് എപ്പോഴും സാന്ത്വനം നൽകി അവരിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നത് നഴ്സുമാർക്കാണ്. ശേഷം അരീമ മോട്ടിവേഷൻ സ്പീക്കറുമായി. അവരെ കേൾക്കാൻ ചുറ്റിലും ആളുകൾ നിറഞ്ഞു. നിരാശകളിൽ പ്രതീക്ഷകൾ നിറഞ്ഞു.പിന്നീട് അവരുടെ പിന്തുണയിലും പ്രേരണയിലും എത്രയോ പെൺകുട്ടികൾ നഴ്സായി മാറി.
പക്ഷെ ആ സ്വപ്ന സാക്ഷാത്കാരത്തിന് അധികം ആയുസ്സുണ്ടാക്കാനാവാതെ ഇന്നലെ രാവിലെ അവർ തനിക്കൊപ്പമുള്ളവരെ ദുഖത്തിലാഴ്ത്തി മരണത്തിലേക്കു പോയി.

കോവിഡ് വൈറസ് കാരണം ബ്രിട്ടനിൽ നിന്നും മരിക്കുന്ന ആദ്യത്തെ നഴ്സ് അരീമയാണ്. എല്ലായ്പ്പോഴും എല്ലാവരെയും പുഞ്ചിരിയോടെ മാത്രം അഭിവാദ്യം ചെയ്തവൾ. പ്രായമായവരെയും ദുർബലരായ രോഗികളെയും പരിപാലിക്കാനാണ് എനിക്കിഷ്ടം എന്ന് സഹപ്രവർത്തകരോട് എപ്പോഴും പറഞ്ഞിരുന്നവർ.തനിക്കു ചുറ്റുമുള്ള പ്രായമായ മനുഷ്യരെല്ലാം പൊടുന്നനെ ഇല്ലാതാകുമ്പോൾ ചിലരെയൊക്കെ ജീവനിലേക്കുണർത്തുമ്പോൾ അനുഭവിച്ച ആത്മനിർവൃതി കൂടിയായിരുന്നു കോവിഡുകാലത്തും അവർക്കീ തൊഴിൽ. അങ്ങനെ തുടരുമ്പോഴാണ് രണ്ടാഴ്ച മുമ്പ് രോഗികളെ പരിചരിക്കുന്നതിനിടയിൽ അരീമ നസ്രീനയെ കൊറോണ വൈറസ് ബാധിച്ചത്.എന്നിട്ടും ദു:ഖിച്ചില്ല. അവൾ തിരിച്ചു വരുമെന്ന സന്തോഷത്തിൽത്തന്നെയായിരുന്നു. അവരുടെ മരണമറിഞ്ഞപ്പോൾ
‘ഈ ഭയാനകമായ വൈറസിലേക്ക് ആരെയും നഷ്ടപ്പെടുന്നത് ദുരന്തമാണ്. അരീമയെപ്പോലുള്ള നഴ്സിനെ നഷ്ടപ്പെടുന്നത് അതിലും വലിയ ദുരന്തമാണ്’ എന്ന് വാൽസാൽ ഹെൽത്ത് കെയർ. സ്വന്തം ജീവനും ആരോഗ്യവും പണയം വെച്ച് രോഗികളെ പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാരാണ് നഴ്സുകൾ എന്ന് പറഞ്ഞത് ആരാണ്. ആരായാലും ആ മാലാഖമാരിൽ സേവനത്തിന്റെ ഉയർന്ന മാതൃകയായി ഭാവി ചരിത്രത്തിൽ അരീമ നസ്രീനുമുണ്ടാകും. ലോകാരോഗ്യ സംഘടന 2020നെ International year of Nurse and Mid wife ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിനു ‘വിളക്കേന്തിയ വനിത’ ഫ്ലോറൻസ് നൈറ്റിംഗ് ഗെയിലിന്റെ ഇരുനൂറാം ജൻമവാർഷികം കൂടിയാണ് ഈ വർഷം.അവരുടെ ഓർമ്മയോടൊപ്പം അരീമയെപ്പോലുള്ള മനുഷ്യ സ്നേഹികളായ നഴ്സുമാരെയും നമുക്ക് ഹൃദയത്തിൽ ചേർത്തുവെക്കാം.

പുലർച്ചെ ദ ഗാർഡിയനിൽ അരീമ നസ്രീനെക്കുറിച്ച് വായിച്ച് ആർദ്രതയോടെ ഇരുന്നതിനു ശേഷം മലയാള പത്രത്തിൽ മറ്റൊരു വാർത്തയുടെ തലക്കെട്ട് വായിച്ച് അത്ഭുതപ്പെട്ടിരിക്കുകയാണ് ഞാൻ. അതിങ്ങനെ ‘കോവിഡ് ബാധിച്ച കോട്ടയത്തെ ആരോഗ്യ പ്രവർത്തക ആശുപത്രി വിട്ടു. ഇനിയും ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യാൻ തയ്യാർ’.
അതെ; രേഷ്മ മോഹൻ ദാസ്. കോവിഡ് ബാധിതരായ റാന്നിയിലെ വൃദ്ധ ദമ്പതികളെ പരിചരിച്ച് രോഗം പിടിപെട്ട സ്റ്റാഫ് നഴ്സ്. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം ചിരിച്ചു കൊണ്ട് അവർ പറഞ്ഞത് കേട്ടില്ലേ നിങ്ങൾ. കോവിഡ് രോഗികളെ പരിചരിക്കാൻ ഉടൻ വീണ്ടുമെത്തുമെന്ന്.

എന്തൊരു ലോകമാണിത്.!
എന്തൊരു മനുഷ്യരാണിത്.!
ഓരോ പുലർച്ചെയും കണ്ണീരുമാത്രം ഇറ്റിറ്റു വീഴുന്ന ലോകത്തിലേക്കുണരുന്ന നമ്മൾ കേൾക്കുന്ന രേഷ്മയെപ്പോലുള്ളവരുടെ ആശ്വാസ വാക്കുകൾ.
അതാണ് ഈ നാടിന് ജീവിക്കാനുള്ള പ്രേരണ.അതിജീവിക്കാനുള്ള ആത്മവിശ്വാസം. കേരളം ലോകത്തിന് ഇനിയും വെളിച്ചമാവട്ടെ.

അരീമ നസ്രീന്റെ മഹത്തായ രക്തസാക്ഷിത്വത്തിനു മുന്നിൽ ആദരവോടെ,

vk Jobhish