നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു. മോഹൻലാൽ പങ്കുവച്ച ലൊക്കേഷൻ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും ഛായാഗ്രാഹകൻ സന്തോഷ് ശിവനെയും മോഹൻലാലിനൊപ്പം ചിത്രത്തിൽ കാണാം.

കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ബറോസ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം നീണ്ടു പോവുകയായിരുന്നു.

ചിത്രത്തിലെ ഇൻ്റീരിയർ ഭാഗങ്ങൾ സെറ്റൊരുക്കി നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. ജിജോ പുന്നൂസിൻ്റെ രചനയിലാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്.

പൃഥ്വിരാജും ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ കെ.പി.നമ്പ്യാതിരിയാണ് ത്രിഡി വിഭാഗത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമാണം.

പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത് . വാസ്ക്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് കാത്തിരിക്കുന്നത് യഥാർത്ഥ അവകാശിയേയാണം. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതിലൂടെയാണ് ചിത്രത്തിനു പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നതും.

മോഹൻലാൽ നായക കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നു . കുട്ടി ബറോസായി എത്തുന്നത് ഹോളിവുഡ് താരം ഷൈലയാണ്. പതിമൂന്നുകാരനായ ലിഡിയൻ ആണ് സംഗീത സംവിധായകൻ.