ജയസൂര്യ നായകനാകുന്ന ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകൻ നാദിർഷ. ക്രിസ്ത്യൻ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പി.സി ജോർജ്ജും ചില സംഘടനകളും വിമർശനം ഉയർത്തിയിരുന്നു. തുടർന്നാണ് നാദിർഷ വിശദീകരണവുമായി രംഗത്ത് വന്നത്. അതേ സമയം സിനിമയുടെ നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ മാറ്റുമെന്നും നാദിർഷ പറഞ്ഞു. ‘ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം ‘നോട്ട് ഫ്രം ദ ബൈബിൾ’ എന്ന ടാഗ്ലൈൻ മാത്രം മാറ്റും. അല്ലാതെ തൽക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല,’ നാദിർഷ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. കേശു ഈ വീടിന്റെ നാഥനിൽ ദിലീപും ഈശോയിൽ ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ഇത് വിവാദം ഉണ്ടാക്കി സിനിമയ്ക്ക് പൊതു ജനശ്രദ്ധ നേടാനുള്ള ദിലീപിൻ്റെയും നാദിർഷായുടെയും വക്രബുദ്ധിയായാണ് സിനിമാനിരൂപകർ കരുതുന്നത്. നടിയെ ആക്രമിച്ച കേസ്സുൾപ്പെടെയുള്ള വിഷയങ്ങളിൽ ദിലീപിനും നാദിർഷയക്കും പൂർണ്ണ പിൻതുണ നൽകിയ പി.സി ജോർജിനെയാണ് ഈ വിവാദത്തിന് വർഗ്ഗീയ ചുവ നൽകാൻ ഇവർ ഉപയോഗിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.