സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ് ലന്‍ഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു.

തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ്. ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്നു.

പന്തുകള്‍ കൊണ്ട് എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് അമ്പരപ്പ് സമ്മാനിക്കുന്ന താരമാണ് ഷെയ്ന്‍ വോണ്‍. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരത്തിന്റെ കുത്തിതിരിയുന്ന ഓരോ പന്തുകളും കായികപ്രേമികള്‍ അത്ഭുതത്തോടെയല്ലാതെ കണ്ടുനിന്നിട്ടില്ല. ഇത്തവണയും വോണ്‍ ഞെട്ടിച്ചു.. ആരോടും പറയാതെ ആര്‍ക്കും ഒരു സൂചന പോലും നല്‍കാതെ വോണ്‍ ഭൂമിയില്‍ നിന്ന് യാത്രയായി. ഹൃദയാഘാതത്തിലൂടെ വോണിനെ മരണം തട്ടിയെടുത്തപ്പോള്‍ നടുങ്ങിയത് കായികലോകം ഒന്നടങ്കമാണ്.

വെറുമൊരു സ്പിന്നര്‍ മാത്രമായിരുന്ന വോണിനെ ലോകത്തിന്റെ സ്പിന്‍ തമ്പുരാനായി ലോകം വാഴ്ത്തിയ വര്‍ഷമായിരുന്നു 1993. അന്നാണ് വോണ്‍ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായി വളര്‍ന്നത്.

11993 ജൂണ്‍ നാല്, ഓസ്ട്രേലിയ – ഇംഗ്ലണ്ട് ആഷസ് പരമ്പര. ഷെയ്ന്‍ വോണ്‍ അന്നുവരെ ക്രിക്കറ്റ് ലോകത്തിന് വെറുമൊരു ലെഗ് സ്പിന്നര്‍ മാത്രമായിരുന്നു. എന്നാല്‍ 1993-ലെ ആഷസ് പരമ്പരയിലെ മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂണ്‍ നാലിന് ക്രിക്കറ്റ്‌പ്രേമികള്‍ സാക്ഷാല്‍ ഷെയ്ന്‍ വോണെന്ന മാന്ത്രികന്റെ വിരലുകളില്‍ വിരിഞ്ഞ വിസ്മയത്തിന് സാക്ഷിയായി.