കൊച്ചി:കൊച്ചിയില്‍ കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിംപിളെന്ന് പീഡനത്തിനിരയായ യുവതിയുടെ മൊഴി.ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ഡിംപിള്‍ പറഞ്ഞു. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച്‌ മൂവരും പീഡിപ്പിച്ചതായും പ്രതികളെ കണ്ടാല്‍ അറിയാമെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി.അതേസമയം, കസ്റ്റഡിയിലെടുത്ത നാലു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച്‌ നാഗരാജു പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിച്ചതായും അറസ്റ്റിലായ യുവതി രാജസ്ഥാന്‍ സ്വദേശിയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടിക്കെന്ന വ്യാജേന ബാറിലെത്തിക്കുകയും അവിടെ വച്ച്‌ മദ്യപിച്ച ശേഷം അവശയായ തന്നെ നഗരത്തിലൂടെ കാറില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് മോഡലിന്റെ പരാതിയെന്നും കമ്മീഷണര്‍ പറഞ്ഞു. പ്രതികളും ഇരയും സുഹൃത്തുക്കളാണോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിയര്‍ കഴിച്ച ശേഷം അവശയായ തന്നോട് ഡിംപിള്‍ സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാഹനം സഞ്ചരിച്ച്‌ കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച്‌ പ്രതികരിക്കാന്‍ ഭയമായിരുന്നു. പിന്നെ കാക്കനാടുള്ള താമസസ്ഥലത്തു ഉപേക്ഷിക്കുകയായിരുന്നു.ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് സംഭവമറിഞ്ഞ് ഇന്നലെ പകല്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് യുവതിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.ഇവർ നാലുപേരും ഇപ്പോൾ കസ്റ്റഡിയിൽ ആണ്.