രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന കര്‍ശനനിര്‍ദേശവുമായി ഐ.സി.എം.ആര്‍.ബാക്ടീരിയല്‍ അണുബാധയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആര്‍. പുറത്തുവിട്ടു.മറ്റെന്തെങ്കിലും വൈറല്‍ബാധയുള്ള രോഗികളില്‍ കോവിഡ് ഗുരുതരമായേക്കാം. അതിനാല്‍, പ്രത്യേക ജാഗ്രത പുലര്‍ത്തണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, അഞ്ചുദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ചുമ എന്നിവ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മറ്റുമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.കഴിഞ്ഞയാഴ്ച മുതല്‍ രാജ്യത്ത് കോവിഡ് വര്‍ധിക്കുന്നുണ്ട്. തുടര്‍ന്ന് കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു.

വിലക്കുള്ള ആന്റിബയോട്ടിക്കുകള്‍:

ലോപിനാവിര്‍-റിറ്റോണാവിര്‍,

ഹൈഡ്രോക്സി ക്ലോറോക്വിന്‍,

ഐവര്‍മെക്റ്റിന്‍,

കോണ്‍വാലെസെന്റ് പ്ലാസ്മ,

മോള്‍നുപിരാവിര്‍

ഫാവിപിരാവിര്‍,

അസിത്രോമൈസിന്‍,

ഡോക്സിസൈക്ലിന്‍,

പനിയും ചുമയും ശ്വാസകോശ രോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നേരത്തേ സമാന നിര്‍ദേശവുമായി എത്തിയിരുന്നു. പനിക്കും മറ്റു വൈറല്‍ രോഗങ്ങള്‍ക്കും ആന്റിബയോട്ടിക് നിര്‍ദേശിക്കുന്ന രീതി ഒഴിവാക്കണമെന്നും അത്തരം രോഗങ്ങള്‍ക്ക് ലക്ഷണാനുസൃത ചികിത്സയാണ് നല്‍കേണ്ടതെന്നുമാണ് ഐ.എം.എ. വ്യക്തമാക്കിയത്.പലരും കൃത്യമായ ഡോസോ അളവോ ഇല്ലാതെയാണ് ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. ലക്ഷണങ്ങള്‍ ഭേദപ്പെടുമ്ബോള്‍ തന്നെ അവ നിര്‍ത്തുകയും ചെയ്യുന്നു. ഈ ശീലം നിര്‍ത്തിയില്ലെങ്കില്‍ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും യഥാര്‍ഥത്തില്‍ ആന്റിബയോട്ടിക് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അവ ഫലിക്കാതെ വരികയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.ഡയേറിയ കേസുകളില്‍ 70 ശതമാനവും വൈറലാണ്, അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ അത്തരം സാഹചര്യത്തിലും ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക് നിര്‍ദേശിക്കുന്നുണ്ടെന്നും അമോക്സിലിന്‍, അമോക്സിക്ലാവ്, നോര്‍ഫ്ലൊക്സാസിന്‍, സിപ്രോഫ്ളോക്സാസിന്‍,ലെവോഫ്ളൊക്സാസിന്‍ തുടങ്ങിയവയാണ് കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകള്‍ എന്നും ഐ.എം.എ. പറഞ്ഞിരുന്നു. അണുബാധ ബാക്റ്റീരിയല്‍ ആണോ അല്ലയോ എന്ന് ഉറപ്പായതിനുശേഷം മാത്രമേ ആന്റിബയോട്ടിക് നിര്‍ദേശിക്കാവൂ എന്നും ഐ.എം.എ. നിര്‍ദേശിക്കുകയുണ്ടായി.