ഇന്നത്തെ നിലയിൽ സ്വർണ വിലയിൽ കുതിപ്പിന്റെ തുടക്കം 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നായിരുന്നു. 2008 ൽ ട്രോയ് ഔൺസിന് 700 ഡോളറായിരുന്നു സ്വർണ വില. 2011 ലേക്ക് എത്തിയപ്പോഴേക്കും വില 1900 ഡോളറിലേക്ക് എത്തി. ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ടതോടെ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് നിക്ഷേപം വർധിപ്പിച്ചതായിരുന്നു ഈ നിലയിൽ വില ഉയരാൻ കാരണമായത്. ഇതോടെ കേരളത്തിലടക്കം സ്വർണ വില കുതിച്ചു. 2011 ൽ സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 3030 രൂപയും പവൻ വില 24240 രൂപയുമായി. 2008 ൽ 1150 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതാണ് 24240 ലേക്ക് എത്തിയത്.

ഇന്ത്യൻ രൂപ ഡോളറുമായുള്ള വിനിമയ നിരക്കിൽ വന്ന ദുർബലാവസ്ഥയും ഇറക്കുമതി ചുങ്കം 2 ശതമാനത്തിൽ നിന്നും 15 ശതമാനമായി ഉയർത്തിയതും അഭ്യന്തര വില ഉയരാൻ കാരണമായെന്ന് സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ളവർ പറയുന്നു. 2011 ൽ ഡോളറിനെതിരെ വിനിമയ നിരക്ക് 46 രൂപയായിരുന്നു. ഇപ്പോൾ 82.49 രൂപയായി ഉയർന്നു. സ്വർണത്തിന്റെ അന്താരാഷ്ട്ര വില ഉയർന്നതിനൊപ്പം രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞത് കനത്ത തിരിച്ചടിയായി.

ഇനി ഒരു മടക്കം ഉണ്ടാവുമോ?

ലോകത്ത് ഇപ്പോൾ ഒരു സാമ്പത്തിക മാന്ദ്യത്തിന്റേതായ പ്രതീതി ഉയർന്നിട്ടുണ്ട്. അതിലേക്ക് നയിച്ച പ്രധാന കാരണം റഷ്യ – യുക്രൈൻ യുദ്ധവും ഇതോട് അനുബന്ധിച്ചുള്ള വ്യാപാര വാണിജ്യ രംഗത്തെ മാറ്റങ്ങളുമാണ്. വിലക്കയറ്റം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അതിരൂക്ഷമായി. പലിശ നിരക്കുകൾ ഉയർത്തി അമേരിക്കൻ ഫെഡറൽ റിസർവ് വിലക്കയറ്റം പിടിച്ചുനിർത്താൻ ശ്രമിക്കുന്നു. വൻകിട കമ്പനികളെല്ലാം പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളാകട്ടെ പ്രതിസന്ധികളിൽ നട്ടംതിരിയുകയാണ്. ഈ സാഹചര്യങ്ങൾ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നുണ്ട്.