തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതല്‍ 2 രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും.മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നത്.നാളെ മുതല്‍ ജീവിതച്ചെലവ് കുത്തനെ കൂടുകയാണ്. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച്‌ 2 രൂപ സെസാണ് നിലവില്‍ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവില്‍ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സര്‍ക്കാര്‍ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയില്‍ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും.

13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്ബോള്‍ 1,20,000. എട്ട് ശതമാനം സ്റ്റാമ്ബ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസും ചേര്‍ന്നാല്‍ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും. അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കില്‍ 12,000 രൂപയെങ്കിലും വേണം. കൂടിയ നിരക്ക് നിലവില്‍ വരുന്നതിന് മുന്‍പ് പരമാവധി പേര്‍ രജിസ്ട്രേഷന്‍ നടത്താനെത്തിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച്‌ ഈമാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്.ഭൂനികുതിയും അഞ്ച് ശതമാനം കൂടും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്ക് വര്‍ദ്ധനയും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാര്‍ഗ്ഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് ഈ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.