ലോക സമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ ഇടo നേടിയ ഇന്ത്യന്‍ വ്യവസായിയാണ് മുകേഷ് ധീരുഭായ് അംബാനി.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനി ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തി കൂടിയാണ്. 82 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളായ അനന്ത്, ആകാശ്, ഇഷ എന്നിവരുടെ കുടുംബത്തോടൊപ്പം താമസിക്കുന്നത് സൗത്ത് മുംബൈയിലെ ആള്‍ട്ടമൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന അവരുടെ കൊട്ടാരമായ ആന്റീലിയയിലാണ്. ലണ്ടനിലെ പ്രശസ്തമായ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസ്തുവായി ആന്റിലിയ കണക്കാക്കപ്പെടുന്നു. മുകേഷിന്റെയും നിതയുടെയും സ്വര്‍ഗീയ മാളികയ്ക്ക് ഏകദേശം 2 ബില്യണ്‍ ഡോളര്‍ ചിലവ് വരും.തങ്ങളുടെ വീടായ ആന്റിലിയ സൂര്യന്റെയും താമരയുടെയും പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിത അംബാനി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, കൂടാതെ അപൂര്‍വ മരം, മാര്‍ബിള്‍, പരല്‍ തുടങ്ങിയ അതിമനോഹരമായ വസ്തുക്കളാണ് താമരയുടെയും സൂര്യന്റെയും രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്.


മുകേഷ് അംബാനിയുടെ ആഡംബര വസ്‌തുക്കളോടുള്ള ഇഷ്ടം പ്രശസ്തമാണ്. 98.15 മില്യണ്‍ ഡോളര്‍ നല്‍കി അംബാനി സ്വന്തമാക്കിയിരിക്കുന്ന അത്യാഢംബര ഹോട്ടലുകളില്‍ ഒന്നാണ് ന്യൂയോര്‍ക്കിലെ മന്ദാരിന്‍ ഓറിയന്റല്‍ ഹോട്ടല്‍. 248 മുറികളും സ്യൂട്ടുകളുമുള്ള ഹോട്ടലില്‍ ഹോളിവുഡ് താരങ്ങളും ശതകോടീശ്വരന്മാരും സന്ദര്‍ശകരായി എത്താറുണ്ട്.റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വിവിധ ആഡംബര സൗകര്യങ്ങളുണ്ട്, സെന്‍ട്രല്‍ പാര്‍ക്കിന്റെയും മാന്‍ഹട്ടന്‍ സ്കൈലൈനിന്റെയും കാഴ്ച ആസ്വദിച്ചുകൊണ്ട് വിശ്രമിക്കാം. 4,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫൈവ്-സ്റ്റാര്‍ മന്ദാരിന്‍ ഓറിയന്റല്‍ സ്പാ, 75 അടി ലാപ് പൂളോട് കൂടിയ അത്യാധുനിക ഫിറ്റ്നസ് സെന്റര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഉടമസ്ഥതയിലുള്ള പിയറിയില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള എന്‍‌വൈ‌സിയിലെ മന്ദാരിന്‍ ഓറിയന്റല്‍ ഹോട്ടല്‍ വാങ്ങാനുള്ള മുകേഷ് അംബാനിയുടെ നീക്കം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ വിപണിയിലെ രണ്ട് വമ്പന്മാര്‍ ഇനി വിദേശത്തും തങ്ങളുടെ പോരാട്ടം നടത്തും എന്നാണ്!