ന്യൂഡല്‍ഹി : കാശ് വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ഓണ്‍ലൈന്‍ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ടുള്ള അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഇതോടെ വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പൂര്‍ണമായും നിരോധിക്കും.ഓണ്‍ലൈന്‍ ഗെയിമുങ്ങളെ നിയന്ത്രിക്കുന്നത് സ്വയംനിയന്ത്രിത സംവിധാനം (സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍- എസ്‌ആര്‍ഒ) ആയിരിക്കും. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ഓണ്‍ലൈന്‍ ഗെയിമുകളാണ് അനുവദിക്കേണ്ടത് എന്ന തീരുമാനമെടുക്കുക എസ്‌ആര്‍ഒ ആയിരിക്കും. വ്യവസായപ്രതിനിധികള്‍, വിദ്യാഭ്യാസവിദഗ്ധര്‍, ശിശുവിദഗ്ധര്‍, മനഃശാസ്ത്രവിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതായിരിക്കും സമിതി. പതിനെട്ടുവയസ്സില്‍താഴെയുള്ള കുട്ടികള്‍ക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്.

രാജ്യത്താദ്യമായാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയനയങ്ങള്‍ പാലിക്കാത്ത ഗെയിമിങ്‌ സ്ഥാപനങ്ങള്‍ക്ക് സേഫ് ഹാര്‍ബര്‍ പരിരക്ഷ നഷ്ടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാരോ നിയമമോ ആവശ്യപ്പെടുമ്ബോള്‍ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യുന്നതുവഴി കമ്ബനികള്‍ക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയാണ് സേഫ് ഹാര്‍ബര്‍. നിലവില്‍ പണം നിക്ഷേപിച്ച്‌ കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുമാത്രമാണ് നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റര്‍മീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്.