പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ‘യുവം’ സമ്മേളനത്തില്‍ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്‍റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം.പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് ‘യുവം’ സമ്മേളനം നടത്തുന്നത്.

എ കെ ആന്‍റണിയുടെ മകനെ കേരളത്തിൽ ബിജെപി എങ്ങനെയാകും രംഗത്തിറക്കുക എന്ന ആകാംക്ഷ ഇന്നലെ മുതൽ ഉണ്ടായിരുന്നു. മോദിക്കൊപ്പം തന്നെ വൻ പ്രാധാന്യത്തോടെ അനിലിനെ അവതരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. യുവാക്കളുമായുള്ള കൊച്ചിയിലെ പ്രധാനമന്ത്രിയുടെ സംവാദ പരിപാടി യുവം നേരത്തെ നിശ്ചയിച്ചതാണ്. പക്ഷെ തിയതി 25 എന്ന് തീരുമാനിച്ചത് ഇന്നാണ്. യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആൻ്റണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.ശരിക്കും യുവം രാഷ്ട്രീയപരിപാടിയായല്ല ബിജെപി ആസൂത്രണം ചെയ്തത്.

വിവിധ മേഖലകളിലെ ആളുകളെ സംസ്ഥാനത്തുടനീളം പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് യുവം. കൊച്ചിയിൽ യുവാക്കളും പ്രൊഫഷണലുകളെയുമാണ് പങ്കെടുപ്പിക്കുന്നതെങ്കിൽ പിന്നാലെ തൃശൂരിൽ സ്മൃതി ഇറാനി പങ്കെടുക്കുന്ന വനിതാ സംഗമവും കോഴിക്കോട് രാജ് നാഥ് സിംഗ് നയിക്കുന്ന വിമുക്ത ഭടന്മാരുടെ കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്. അനിൽ ഒരു തുടക്കം മാത്രമെന്നാണ് ബിജെപി പറയുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണിയെ ബിജെപിയിലെത്തിക്കാനുള്ള നീക്കം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെയാണ് അനിലുമായി ബിജെപി നേതാക്കൾ ബന്ധപ്പെട്ടത്. അതിന് ശേഷം ചർച്ചകൾ അമിത് ഷായാണ് നിരീക്ഷിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് അനിൽ ബി ജെ പിയിലേക്ക് എത്തിയത്. ദേശീയ തലത്തിലാകും അനിലിന്‍റെ റോൾ എന്നാണ് സൂചന. അനിലിന്‍റെ ദേശീയ തലത്തിലെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജപി.