ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ വിസാ നടപടികള്‍ ഇന്ന് വളരെ ലളിതമാണ്. ഏത് സമയം വേണമെങ്കിലും ജിസിസി രാജ്യങ്ങളിലേക്ക് പോകാനും തിരിച്ചുവരാനും സാധിക്കും.ഇതിന് പര്യാപ്തമായ വിധം പല തരത്തിലുള്ള വിസകള്‍ ലഭ്യവുമാണ്. എന്നാല്‍ വിസിറ്റ് വിസയില്‍ യുഎഇയിലെത്തിയവര്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. കാലാവധി കഴിയും മുൻപ് മടങ്ങണം.വിസ പുതുക്കേണ്ട സമയം കഴിഞ്ഞിട്ടും നിയമ വിരുദ്ധമായി യുഎഇയില്‍ തങ്ങരുത്. അങ്ങനെ കഴിയുന്നവര്‍ക്കെതിരെ കടുത്ത നടപടി തന്നെ ഉണ്ടാകും. വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞ് ഒരു ദിവസമാണെങ്കില്‍ പോലും, ഇവരെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തും.

കരിമ്ബട്ടികയില്‍ ഉൾപ്പെടുത്തുക മാത്രമല്ല, ഇത്തരക്കാരെ ഒളിച്ചോടിയ വ്യക്തിയായി പ്രഖ്യാപിക്കുകയും ചെയ്യും. പിന്നീട് പിടിക്കപ്പെട്ടാല്‍ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാട് കടത്തും. ഇവര്‍ക്ക് പിന്നീട് യുഎഇയിലേക്ക് മാത്രമല്ല, ജിസിസിയിലെ ഒരു രാജ്യങ്ങളിലേക്കും വരാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുo.

വിസിറ്റ് വിസയിലെത്തിയവര്‍ കാലാവധി കഴിയാന്‍ കാത്തുനില്‍ക്കാതെ അടുത്ത നടപടികള്‍ ഉടൻ സ്വീകരിക്കണം. വിസാ കലാവധി കഴിഞ്ഞവര്‍ യുഎഇ വിടണം.

ഏജന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ 30 ദിവസത്തേക്കോ 60 ദിവസത്തേക്കോ വിസിറ്റ് വിസയിലെത്തിയവര്‍ കാലാവധി കഴിയുന്ന വേളയില്‍ തന്നെ രാജ്യം വിടണം. വിസിറ്റ് വിസയിലെത്തിയ വ്യക്തി സമയ പരിധി കഴിഞ്ഞ ശേഷം യുഎഇയില്‍ താമസിച്ചാല്‍ ഏജന്റിന് പണം നഷ്ടമാകും. ഏജന്റുമാര്‍ അവരുടെ സുരക്ഷ കണക്കിലെടുത്ത് വ്യക്തി മുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യും.

പണം നഷ്ടപ്പെടുന്നത് മാത്രമല്ല പ്രശ്‌നമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഒരു നിശ്ചിത എണ്ണം വിസാ അപേക്ഷയാണ് ഇവര്‍ക്ക് നല്‍കപ്പെടുന്നത്. ഏതെങ്കിലും വിസിറ്റര്‍ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങിയാല്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കാതെ വരും. ഒരു പക്ഷേ, ഇവരുടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെടും.

അനധികൃതമായി താമസിക്കുന്ന കാരണത്താല്‍ ഏജന്റിന് നഷ്ടമാകുന്ന പണം വ്യക്തിയില്‍ നിന്ന് ഏജന്റുമാര്‍ ഈടാക്കും. മുങ്ങിയ വ്യക്തി പിഴയായി അടയ്‌ക്കേണ്ട കുറഞ്ഞ തുക 2000 ദിര്‍ഹമാണ്. ഇത് താമസിക്കുന്നതിന് അനുസരിച്ച്‌ ഓരോ ദിവസവും ഉയര്‍ന്ന് വരും. മുങ്ങിയതായി കണക്കാക്കുന്ന വ്യക്തിക്ക് എങ്ങനെയാണ് യുഎഇയില്‍ നിന്ന് കടക്കാന്‍ സാധിക്കുക എന്നതും സുപ്രധാനമായ ചോദ്യമാണ്.

മുങ്ങിയ വ്യക്തികള്‍ ആദ്യം ബന്ധപ്പെടേണ്ടത് അവര്‍ക്ക് വിസ അനുവദിച്ച ട്രാവല്‍ ഏജന്റിനെയോ സ്‌പോണ്‍സറെയോ ആണ്. പിന്നീട് അനധികൃതമായി താമസിച്ച ദിവസം കണക്കാക്കി പിഴയൊടുക്കണം. എന്നാല്‍ മാത്രമാണ് മുങ്ങിയതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കുക. കേസ് പിന്‍വലിക്കപ്പെട്ടാല്‍ രാജ്യം വിടാനുള്ള പാസ് ലഭിക്കും. അനധികൃതമായി താസമിക്കുക എന്നത് കുറ്റകരമായ കാര്യമാണ്. ഇത്തരക്കാരെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കും.

യുഎഇയിലെത്തുന്ന പല സന്ദര്‍ശകരും ബോധപൂര്‍വം അനധികൃതമായി താമസിക്കുന്നവരാകില്ലെന്ന് ഏജന്റുമാര്‍ പറയുന്നു. വിസാ കാലാവധി കഴിഞ്ഞത് അറിഞ്ഞിരിക്കില്ല. വിസാ കാലാവധി കഴിയുന്ന തിയ്യതിയുടെ അഞ്ച് ദിവസം മുമ്ബെങ്കിലും വിസ പുതുക്കാനോ രാജ്യം വിടാനോ ശ്രമിക്കണം. അവസാന നിമിഷത്തേക്ക് വച്ചാല്‍ പ്രശ്നം ആകും . പലരും വിമാനത്താവളത്തില്‍ വച്ചാണ് വിസ കാലാവധി കഴിഞ്ഞ കാര്യം അറിയുക. ഇത്തരക്കാരെ നാടുകടത്തുന്ന അവസ്ഥയുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ തിരിച്ച്‌ ഒരിക്കലും യുഎഇയിലേക്ക് വരാന്‍ പറ്റില്ല.