സ്വർണം വാങ്ങാനുള്ള നല്ല ദിവസമായി കണക്കാക്കുന്ന ‘അക്ഷയതൃതീയ’യ്ക്കായി കേരളത്തിലെ സ്വർണ വിപണി ഒരുങ്ങി കഴിഞ്ഞു. ഇത്തവണ മുൻ വർഷത്തെക്കാൾ 25 ശതമാനത്തോളം അധിക വില്പനയാണ് പ്രതീക്ഷിക്കുന്നത്.

ഓണ വിപണിക്കു ശേഷം സ്വർണത്തിന് കൂടുതൽ വ്യാപാരം നടക്കുന്ന വ്യാപാര സീസണായി അക്ഷയതൃതീയ മാറിയിട്ടുണ്ട്. അതിനാൽ സ്വർണാഭരണങ്ങളുടെ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. മിക്ക ജൂവലറി ശൃംഖലകളും പുതിയ കളക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.

കേരളത്തിൽ അക്ഷയതൃതീയ ദിനത്തിൽ മാത്രം 1,500 കിലോയോളം സ്വർണാഭരണ വില്പനയാണ് നടക്കുന്നത്. ഇതിന്റെ മൂല്യം ഏതാണ്ട് 500 കോടിയിലേറെ രൂപ വരും. സ്വർണ വിഗ്രഹം, സ്വർണ നാണയം എന്നിവ കൂടാതെയാണ് ഇത്രയും വില്പന നടക്കുക. സാധാരണ വില്പനയുടെ അഞ്ച് മടങ്ങോളം സ്വർണനാണയ വില്പന ഈ ദിവസം നടക്കും. ലക്ഷ്മി ലോക്കറ്റ്, മൂകാംബികയിൽ പൂജിച്ച ലോക്കർ, ഗുരുവായൂരപ്പൻ ലോക്കറ്റുകൾ എന്നിവയ്ക്കും ഡിമാൻഡ് ഉണ്ട്.സാധാരണ ദിനങ്ങളിൽ 600 മുതൽ 700 കിലോ വില്പനയാണ് നടക്കുന്നത്. അതായത് 225 കോടി രൂപ മുതൽ 250 കോടി രൂപ വരെയാണ് വില്പന.

മുഹൂർത്ത വ്യാപാരം ഏപ്രില്‍ 22ന് മുഴുവൻ ദിവസവുമുണ്ട്. അതിനാൽ വ്യാപാരികൾ സ്റ്റോക്കുകളെല്ലാം നേരത്തെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ സെലക്ട് ചെയ്തു വച്ചിട്ട് മുഹൂർത്ത വ്യാപാരത്തിന് വാങ്ങുന്നവരുമുണ്ട്. സംസ്ഥാനത്തെ സ്വർണക്കടകളെല്ലാം വില്പനയ്ക്കായി തയ്യാറായിക്കഴിഞ്ഞു. മിക്ക കടകളും രാവിലെ തുറന്നു പ്രവർത്തിക്കും.