അരിക്കൊമ്പൻ ചിന്നകനാലിലേക്ക് മടങ്ങിവരാനുള്ള സാധ്യത തള്ളാനാകില്ലെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. അരിക്കൊമ്പനെ ഇഷ്ടപ്പെടുന്നവർ ആ​ഗ്രഹിക്കുന്നതും നൂറു കിലോമീറ്റർ താണ്ടിയുള്ള അരിക്കൊമ്പന്റെ മടങ്ങിവരവാണ്. അരിക്കൊമ്പൻ എന്ന കാട്ടുകൊമ്പന് പെരിയാർ കടുവ സങ്കേതത്തിൽ നിന്നും ഇടുക്കിയിലെ ചിന്നകനാലിലേക്കുള്ള നൂറു കിലോമീറ്റർ താണ്ടാൻ അത്ര പ്രയാസമില്ല. കാടുകടത്തിയിട്ടുള്ളതും കാടുവിട്ട് ദേശാടനത്തിന് തയ്യാറായിട്ടുള്ളതുമായ ഒട്ടനവധി കാട്ടാനകൾ തങ്ങളുടെ പഴയ ആവാസ വ്യവസ്ഥയിലേക്ക് പിന്നീട് മടങ്ങിവന്നിട്ടുണ്ട് എന്നതാണ് ചരിത്രം. ആ ദേശാടന ചരിത്രത്തിൽ അടുത്തകാലത്ത് ലോകത്തെ ത്രസിപ്പിപ്പിച്ചത് ചൈനയിലെ 14 ആനകളുടെ സംഘത്തിന്റെ നീണ്ട യാത്രയാണ്. അഞ്ഞൂറിലേറെ കിലോമീറ്റർ സ‍ഞ്ചരിച്ചാണ് ഈ ആനക്കൂട്ടം തങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് തിരികെ എത്തിയത്. ലോകം മുഴുവൻ ഈ ആനക്കൂട്ടത്തിന്റെ യാത്ര ആകാക്ഷയോടെ നോക്കി കണ്ടു. ആനകളുടെ ലോംങ് മാർച്ചിനിടയിൽ രണ്ട് ആനക്കുട്ടികൾക്കും സഘത്തിലെ പെണ്ണാനകൾ ജന്മം നൽകിയിരുന്നു. ആനക്കുട്ടികൾക്ക് ആനസംഘം നൽകുന്ന പരിചരണവും ശ്രദ്ധയും ലോകം കണ്ടിരുന്നു.

17 മാസം കൊണ്ട് അഞ്ഞൂറിലേറെ കിലോമീറ്റർ നീണ്ട യാത്ര. പോകും വഴി പല വീടുകളും ആക്രമിക്കപ്പെട്ടു. വഴിയിൽ പ്രസവിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളും ചൈനീസ് ഭരണകൂടവും ഉറക്കമില്ലാതെ നിരീക്ഷിച്ചു. ലോകം കണ്ട ഏറ്റവും വലിയ ആനദേശാടനത്തിന്റെ ചരിത്രത്തിൽ ശ്വാസം അടക്കിപിടിച്ച് കേൾക്കേണ്ട നിരവധി കഥകളുണ്ട്…

തെക്കൻ യുനാൻ പ്രവിശ്യയുടെ തെക്കേ അറ്റത്ത്, മ്യാൻമറിന്റെയും ലാവോസിന്റെയും അതിർത്തിയോട് ചേർന്ന് വ്യാപിച്ചുകിടക്കുന്ന ഷിഷുവാങ്ബന്ന ദായ് നാഷണൽ നേച്ചർ റിസർവിൽ നിന്നാണ് ഈ കഥ ആരംഭിക്കുന്നത്. 15 ആനകൾ രാജ്യം ചുറ്റാനിറങ്ങിയ കഥ. ഏകദേശം 241,000 ഹെക്ടർ വ്യാപിച്ചുകിടക്കുന്ന ഒരു സമൃദ്ധമായ ഉഷ്ണമേഖലാ വനമാണ് ഷിഷുവാങ്ബന്ന ദായ്. ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടൻ ന​ഗരത്തിന്റെ ഒന്നര ഇരട്ടി വലിപ്പമുള്ള ഇവിടെയാണ് യുനാനിലെ വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ആനകളിൽ ഭൂരിഭാഗവും വസിക്കുന്നത്.

2020 മാർച്ചിൽ ഇവിടെയുള്ള 14 ആനകളുടെ ഒരു സംഘം ഒരു തീരുമാനമെടുത്തു. ഒന്നു രാജ്യം ചുറ്റിവരാം. വടക്കോട്ട് യാത്ര തിരിക്കാനാണ് സംഘം തത്വത്തിൽ തീരുമാനിച്ചത്. മറിച്ചാണെങ്കിൽ അത് അന്താരാഷ്ട്ര അതിർത്തി പ്രശ്നവും പൗരത്വ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന തിരിച്ചറിവിൽ നിന്നൊന്നുമല്ല ആനകൾ അത്തരം ഒരു തീരുമാനം എടുത്തത്. പക്ഷേ ആനക്കൂട്ടത്തിന്റെ ആ തീരുമാനം മ്യാൻമറും ലാവോസുമായി ഒരു ആനതർക്കത്തിലേക്ക് പോകുന്നതിൽ നിന്നും ചൈനീസ് ഭരണകൂടത്തെ രക്ഷിച്ചു എന്നത് മറ്റൊരു വസ്തുതയാണ്.

ആനസംഘത്തിന്റെ യാത്രയുടെ ആദ്യദിനങ്ങൾ ആധികമാരും ശ്രദ്ധിച്ചില്ല. കാരണം വനപ്രദേശത്തു കൂടിയുള്ള ആനകളുടെ സവാരി വലിയ സംഭവമല്ലല്ലോ. എന്നാൽ, ആനകൾ കാര്യങ്ങളെ കുറച്ചുകൂടി ​ഗൗരവത്തിൽ തന്നെ കണ്ടു. തങ്ങളുടെ ദേശാടനത്തിന് അന്താരാഷ്ട്ര വാർത്താ പ്രാധാന്യമുണ്ടെന്ന് അവർ വിശ്വസിച്ചിരുന്നതു പോലെ. വാർത്തകൾ സൃഷ്ടിക്കാൻ അവർ തീരുമാനിച്ചുറച്ചു. 2021 ആദ്യമാസം തന്നെ ആനകൾ വാർത്തകളിൽ ഇടംനേടി തുടങ്ങി. അതിനായി ആനക്കൂട്ടം പട്ടാപ്പകൽ വീടുകളിലേക്ക് ഇടിച്ചുകയറുകയും കൃഷിയിടങ്ങളിലെ വിളകൾ നശിപ്പിക്കുകയും വെള്ളം ചീറ്റുകയും മറ്റും ചെയ്തു. ഇതോടെ ഈ ആനസംഘം വാർത്തകളിൽ നിറഞ്ഞു. അന്താരാഷ്ട്ര മാധ്യങ്ങളുടെ പ്രതിനിധികൾ ആനകളുടെ സഞ്ചാരപഥമറിയാൻ ഉറക്കമിളച്ച് കാത്തിരുന്നു. ആനകളുടെ സഞ്ചാരം സിസിടിവി ക്യാമറകളും ഒപ്പിയെടുത്തു.

ആനകളുടെ യാത്രയെ ഇതോടെ ചൈനീസ് ഭരണകൂടവും ​ഗൗരവമായെടുത്തു. 24 മണിക്കൂറും നിലത്തും ഡ്രോണിലുമായി എട്ട് പേരടങ്ങുന്ന സംഘത്തെ ആനകളെ നിരീക്ഷിക്കാനായി ഏർപ്പാടാക്കി. യുനാനിലെ പച്ച കുന്നുകളും വനങ്ങളും പിന്നിട്ട് ആനക്കൂട്ടം വടക്കോട്ട് നീങ്ങിയപ്പോൾ, ചൈനീസ് ഉദ്യോഗസ്ഥർ നടപടിയിലേക്ക് നീങ്ങി. ആനകളെ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും അകറ്റാൻ ആയിരങ്ങളെ അണിനിരത്തി അടിയന്തര ടാസ്‌ക്‌ഫോഴ്‌സുകൾ രൂപീകരിച്ചു. അപ്പോഴും ആനകളെ മയക്കുവെടിവെച്ച് മയക്കി പിടികൂടി അവരുടെ പഴയ ആവാസ വ്യവസ്ഥയിലെത്തിക്കാൻ ചൈനീസ് ഭരണകൂടം തയ്യാറായില്ല എന്നത് ഇവിടെ അടിവരയിട്ട് പറയേണ്ട കാര്യമാണ്.

സി.ജി.ടി.എൻ ന്റെ കണക്കുകൾ പ്രകാരം ആനകൾ ഈ യാത്രയിലുടനീളമായി 1.07 മില്യൺ ഡോളിറിന്റെ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇതുവരെ 180 ടൺ ചോളം, വാഴപ്പഴം, പൈനാപ്പിൾ എന്നിവ അകത്താക്കി മുന്നോട്ട് നീങ്ങിയ ആനസംഘം ഇതിനിടയിൽ കണ്ട ചെളിക്കുഴിയിറങ്ങി കുസൃതി കാട്ടാനും മറന്നില്ല. ഡ്രോൺ പകർത്തിയ ഈ ദൃശ്യങ്ങളും വൈറലായിരുന്നു.

ചൈനയിലെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. ഏതുസമയവും തങ്ങളുടെ വീടോ കൃഷിയിടമോ തങ്ങൾ തന്നെയോ ആനകളാൽ ആക്രമിക്കപ്പെട്ടേക്കാം എന്നവർ ഭയന്നു. യുനാനിലെ ഏഷ്യൻ ആനകൾ അവരുടെ സാഹസികത ഇതിനിടയിൽ തന്നെ അന്താരാഷ്ട്ര തലത്തിൽ പോലും വാർത്തയാക്കി മാറ്റിയിരുന്നല്ലോ. ജനങ്ങൾ തങ്ങളുടെ പ്രദേശങ്ങളിലൂടെ വരുന്ന കാട്ടാന സംഘത്തെ പ്രതീക്ഷിച്ചിരിപ്പായി. ആനകളുടെ എല്ലാ ചനലങ്ങളും ഇതിനിടയിൽ ക്യാമറ കണ്ണുകളുടെ പരിധിയിൽ ആയിക്കഴിഞ്ഞിരുന്നു.


ആനകളെ കുറിച്ച് ​ഗവേഷണം നടത്തുന്നവരും സംഘത്തിന് പിന്നാലെ കൂടി. ഇതിനിടയിൽ ആനകൾ വെള്ളമടിച്ച് പൂസായി എന്നൊരു കിംവദന്തിയും പ്രചരിച്ചു. ടൺ കണക്കിന് കോൺ വൈൻ കഴിച്ചതോടെയാണ് ആനകൾ മദോന്മത്തരായത്.

2021 ജൂൺ ആദ്യത്തോടെ, ആനസംഘം പ്രവിശ്യാ തലസ്ഥാനമായ കുൻമിങ്ങിൽ എത്തി. അതായത്, തങ്ങളുടെ ആവാസ കേന്ദ്രത്തിൽ നിന്ന് 500 കിലോമീറ്ററിലധികം അകലെ . യുനാൻ കാട്ടാനകൾ അതുവരെ പോയിട്ടില്ലാത്ത ഏറ്റവും ദൂരമായിരുന്നു അത്. തണുത്ത കാലാവസ്ഥകളിലേക്ക് പോകുകയും മനുഷ്യ നാഗരികതയുമായുള്ള അവരുടെ ഇടപെടൽ നീണ്ടുനിൽക്കുകയും ചെയ്തപ്പോൾ സംഘത്തിലെ ചിലർ തങ്ങളുടെ നിലനിൽപ്പിനായി വിഷമിക്കാൻ തുടങ്ങി. പട്ടണങ്ങളിൽ അടുത്തിടപഴകുന്നതും ഉറങ്ങാൻ കിടക്കുന്നതും ആനകളുടെ പ്രിയപ്പെട്ട പെരുമാറ്റമായി പലരും കണ്ടത് യഥാർത്ഥത്തിൽ സമ്മർദ്ദത്തിന്റെയും ക്ഷീണത്തിന്റെയും അടയാളങ്ങളായിരുന്നു.

രാജ്യത്തെ ചുറ്റി 500 കിലോമീറ്ററിലധികം നടന്നതിന് ശേഷം 2021 ആ​ഗസ്റ്റിൽ ആനകൾ മടക്ക യാത്ര ആരംഭിച്ചുവെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കിയിരുന്നു. അതിന് മുമ്പ് തന്നെ ഏപ്രിലിൽ രണ്ട് ആനകൾ അടർന്ന് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നു. മറ്റൊരാൾ ജൂണിൽ വഴിതെറ്റിപ്പോയി, ഒടുവിൽ ഉദ്യോഗസ്ഥർ അവനെ ശാന്തനാക്കി പഴയ ആവാസ വ്യവസ്ഥയിലെത്തിച്ചു. കാരണം അവൻ ഒറ്റയ്ക്ക് അതിജീവിക്കില്ലെന്ന് ചൈനീസ് അധികൃതർക്ക് അറിയാമായിരുന്നു. പതിവ് പോലെ തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തയ്യാറായ മൂന്നുപേരും പുരുഷന്മാരായിരുന്നു.

ചൈനീസ് ഭരണകൂടത്തിനും ജനങ്ങൾക്കും ആശ്വാസമായി ആനകൾ ഏതാനും ആഴ്ചകൾക്കുശേഷം തെക്കോട്ട് തിരിയാൻ തുടങ്ങി, താമസിയാതെ യുവാൻജിയാങ് നദിക്ക് സമീപമെത്തുകയായിരുന്നു. ആനകൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളുമായി ആയിരക്കണക്കിന് സൈനികരും തൊഴിലാളികളും രം​ഗത്തിറങ്ങി. അങ്ങനെ, 2021 ആഗസ്ത് 8-ന്, യുവാൻജിയാങ് നദിക്കു കുറുകെയുള്ള പാലം സംഘം കടന്നു.

വെറും നൂറ് കിലോമീറ്റർ താണ്ടി അരിക്കൊമ്പൻ ചിന്നക്കനാലിൽ എത്തില്ല എന്ന് യാതൊരു ഉറപ്പുമില്ലെന്ന് വനം വകുപ്പും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും പറയുന്നത് വെറുതെയല്ല. അഞ്ഞൂറ് കിലോമീറ്റർ പിന്നിട്ട ശേഷം സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് മടങ്ങിയ ചൈനീസ് ആനകൾ അതുതന്നെയാണ് പറയുന്നത്. തന്റെ പ്രിയപ്പെട്ട ഇണയേയും മക്കളേയും ചക്കക്കൊമ്പനേയും റേഷനരിയേയും തേടി അരിക്കൊമ്പൻ മടങ്ങിയെത്തും എന്ന് തന്നെയാണ് ആ കാട്ടാനയെ ഇഷ്ടപ്പെടുന്നവരും ആ​ഗ്രഹിക്കുന്നത്.