മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞു 22 പേര് മരിച്ച സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അറസ്റ്റില്‍.താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. ഇയാളുടെ ഉടമസ്ഥതിയിലുള്ള കാറും ഫോണും നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടിന് ഇരുവശത്തും ഈന്തപ്പനകള്‍ നിറഞ്ഞ അറബ് നാടുകളിലെ വീടുകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ബോട്ട് ഉടമ നാസറിന്റെ വീട്.താനൂര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇയാളുടെ വീട്. ദുരന്തം നടന്ന ഉടന്‍ ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചന. മീന്‍പിടിത്ത ബോട്ടിനെ രൂപമാറ്റം വരുത്തിയാണ് സര്‍വീസിന് ഇറക്കിയതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്‌ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. പൊന്നാനിയിലെ ലൈസന്‍സില്ലാത്ത യാര്‍ഡില്‍ വച്ചാണ് രൂപമാറ്റം നടത്തിയതെന്നാണ് വിവരം.

ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികള്‍ പലതവണ സര്‍വീസിനിറക്കരുതെന്ന് വിലക്കിയിരുന്നുവെന്നും പറയപ്പെടുന്നു. മീന്‍പിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് നിയമലംഘനം നടന്നിരിക്കുന്നത്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ കമ്ബനികളാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ ബോട്ട് സര്‍വീസ് നടത്തുന്നത്. ഹൗസ് ബോട്ടുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. അഞ്ചു മണിവരെ മാത്രമേ ബോട്ട് സര്‍വീസിന് അനുമതിയുള്ളൂ. എന്നാല്‍ അവധി ദിവസങ്ങളില്‍ ആറു മണിക്കുശേഷവും സര്‍വീസ് തുടരും. അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റിയാണ് സര്‍വീസ്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ 40 നു മുകളില്‍ പേര്‍ ഉണ്ടായിരുന്നു. ബോട്ടില്‍ മതിയായ ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നുമില്ല, ഇതാണ് അപടത്തിന്റെ വ്യാപ്തി കൂട്ടിയതും.