തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.

തുലാവർഷം തുടക്കത്തിൽ ദുർബലമായിരിക്കും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ഇടി മിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ടെന്നും ഒക്ടോബർ 23, 24 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ട്. ചുഴലിക്കാറ്റ് ഒക്ടോബർ 25 രാവിലെ വരെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിയിലും തുടർന്ന് ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച് ഒക്ടോബർ 25 രാവിലെയോടെ യെമൻ – ഒമാൻ തീരത്ത് അൽ ഗൈദാക്കിനും ( യെമൻ ) സലാലാക്കിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു