ഗാസയിലേക്ക് സഹായ ഹസ്തം നീട്ടിയ ഇന്ത്യക്ക് നന്ദി അറിയിച്ച്‌ പലസ്തീന്‍. ഈ മാനുഷിക ഇടപെടലിന് ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി പറയുകയാണെന്ന് ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അബു അല്‍ ഹൈജ പറഞ്ഞു.

ഗാസയിലെ ഞങ്ങളുടെ ജനങ്ങള്‍ക്ക് മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും ആവശ്യമാണ്. കഴിഞ്ഞ 15 ദിവസമായി വെള്ളവും മരുന്നും ഭക്ഷണവും പെട്രോളും ഓക്‌സിജനും ഇല്ലാതെ ഗാസയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

‘പലസ്തീതീനുമായും ഇസ്രയേലുമായുള്ള ഇന്ത്യയുടെ സൗഹൃദം ഞങ്ങള്‍ അംഗീകരിക്കുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം തടയാനായി ഇന്ത്യ ആഹ്വാനവും ചെയ്തിട്ടുണ്ട്. ഈ യുദ്ധം അവസാനിപ്പിക്കണം. ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായങ്ങള്‍ നല്‍കണം’- അദ്ദേഹം പറഞ്ഞു. 6.5 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമാണ് വ്യോമസേനയുടെ ഐഎഎഫ്- 17 വിമാനത്തില്‍ ഇന്ത്യ ഈജിപ്തിലേക്ക് അയച്ചത്. എല്‍-അരിഷ് എയര്‍പോര്‍ട്ടിലാണ് ഇന്ത്യ സഹായങ്ങള്‍ എത്തിക്കുന്നത്. ഇവിടെനിന്ന് റാഫ അതിര്‍ത്തിവഴി പലസ്തീനില്‍ എത്തിക്കും.അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ടെന്റുകള്‍, സ്വീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, ജലശുദ്ധീകരണ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ഇന്ത്യ അയച്ചിരിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു.

ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഗാസയിലേക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയും രംഗത്തിറങ്ങിയത്. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ടെലഫോണ്‍ സംഭാഷണം നടത്തിയ മോദി, പലസ്തീന്‍ ജനതയ്ക്ക് സഹായം ലഭ്യമാക്കുന്നത് തുടരുമെന്ന് വാക്കു നല്‍കിയിരുന്നു.മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ആക്രമണങ്ങളിലും സുരക്ഷാ സാഹചര്യം മോശമാവുമന്നതിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഏറെക്കാലമായി തുടര്‍ന്നുവരുന്ന നിലപാട് ആവര്‍ത്തിച്ചതായും നരേന്ദ്രമോദി അറിയിച്ചു.