ഗ്യാസ് ബില്ലായി വന്ന ഭീമൻ തുക കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് യുകെ സ്വദേശികളായ ദമ്പതികള്‍. യുകെയിലെ സ്റ്റാഫോര്‍ഡ്‌ഷെയര്‍ സ്വദേശികളായ ലീ ഹെയ്‌ൻസ് (44), ജോ വുഡ്‌ലി (45) എന്നിവര്‍ക്കാണ് അപ്രതീക്ഷിതമായി 11,000 പൗണ്ടിന്‍റെ ഗ്യാസ് ബില്ല് ലഭിച്ചത്.

ഇന്ത്യൻ രൂപ 11 ലക്ഷത്തിലധികം വരുമിത്. കഴിഞ്ഞ 18 വര്‍ഷത്തെ ഗ്യാസ് ബില്ലാണ് ഇവര്‍ക്ക് ഇപ്പോള്‍ ഒരുമിച്ച്‌ വന്നിരിക്കുന്നത്. 2005 -ലാണ് സ്റ്റാഫോര്‍ഡ്‌ഷെയറില്‍ ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് ദമ്പതികള്‍ താമസം മാറിയത്. അന്ന് മുതല്‍ ഗ്യാസ് ബില്ലുകള്‍ അടയ്ക്കുന്നതിന് വേണ്ടി വിതരണക്കാരുമായി നിരവധി തവണ ഇവര്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍, ഇപ്പോള്‍ 2005 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളിലെ മുഴുവൻ ബില്ലും ഒന്നിച്ചാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

2005 -ല്‍ ദമ്ബതികള്‍ അവരുടെ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ തന്നെ ഇവര്‍എല്ലാ ബില്ലുകളും – ഗ്യാസ്, വൈദ്യുതി, ഇലക്‌ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ – അടയ്ക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദ മെട്രോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അന്ന് ഗ്യാസിന്‍റെ ബില്ല് മാത്രം അടക്കാൻ സാധിച്ചില്ല. പിന്നീട് നിരവധി തവണ ഗ്യാസ് വിതരണക്കാരുമായി ഇവര്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കണമെന്ന് തനിക്ക് അറിയില്ലെന്നും എന്നെങ്കിലും ഒരിക്കല്‍ തന്നെ തേടിയെത്തുമെന്ന് ഭയപ്പെട്ടിരുന്ന ആ കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും സ്കൂള്‍ സൈറ്റ് വര്‍ക്കറായ ലീ ഇതേക്കുറിച്ച്‌ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ വന്നിരിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്നും എങ്ങനെ കര കയറാം എന്ന ആശങ്കയിലാണ് ഇപ്പോള്‍ ഈ ദമ്പതികളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.