ഇന്ന് മാർച്ച്‌ 20, ലോക സന്തോഷ ദിനം…2013 മാര്‍ച്ച് 20നാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആദ്യമായി ആചരിച്ചത്. യുഎന്‍ ഉപദേഷ്ടാവ് ജെയിം ഇല്ലിയന്റെ വര്‍ഷങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങളുടെ ഫലമായി 2012ലെ ആദ്യ യുഎന്‍ സമ്മേളനത്തിൽ ആശയം അവതരിപ്പിച്ചു. 2013 മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ എന്‍ദാബ മണ്ടേലയും ചെല്‍സി ക്ലിന്റണും ദിനാചരണം ആരംഭിച്ചു. മനുഷ്യരാശിക്ക് സന്തോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് എല്ലാ യുഎന്‍ അംഗരാജ്യങ്ങളെയും സന്തോഷ ദിനത്തിന്റെ ഭാഗമാകാന്‍ പ്രോത്സാഹിപ്പിക്കുന്നു.

ജീവിതത്തിൽ മറ്റെന്തിനേക്കാൾ വലുത് സന്തോഷമാണ് എന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ. കഷ്ടതയുടേയും ദുരിതത്തിന്റേയും നാളുകളിൽ മനസ്സുതുറന്ന് ചിരിക്കുക എന്നത് എളുപ്പമല്ലെന്നറിയാം. എന്നിരുന്നാലും നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം സന്തോഷത്തോടെയിരിക്കുക എന്നതാണ് എന്ന് തിരിച്ചറിയുക.

ജീവിതത്തിലെ കഷ്ടതകൾക്കിടയിലും മറ്റെന്തെങ്കിലും ഒന്നിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. സ്വയം സന്തോഷം കണ്ടെത്തുന്നതോടൊപ്പം നമുക്ക് ചുറ്റുമുള്ളവർക്കും സന്തോഷം പകർന്നുനൽകാൻ ഈ സന്തോഷ ദിനത്തിൽ നമുക്ക് നമ്മെത്തന്നെ ഓർമിപ്പിക്കാം.