കാസര്‍ഗോഡ്: സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താത്തത് പതിവായതോടെ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞ സംഭവത്തിന്‍റെ വീഡിയോ വര്‍ഗീയവത്കരിച്ച്‌ വിദ്വേഷപ്രചാരണം.

ഒരാഴ്ച മുൻപാണ് കുമ്പള -മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്‌കര നഗറില്‍ കന്‍സ വനിത കോളജിലെ വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. കോളജിന് മുന്‍വശം ആര്‍ടിഒ സ്റ്റോപ്പ് അനുവദിച്ചിരുന്നു.

റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വെയിറ്റിംഗ് ഷെഡും സ്ഥാപിച്ചു. എന്നാല്‍ സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താതെ പോകുന്നത് പതിവായി. ഇതേത്തുടര്‍ന്നാണ് സംഘടിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ റോഡിന് കുറുകെനിന്ന് ബസുകള്‍ തടഞ്ഞിട്ടത്. വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംഭവത്തെത്തുടര്‍ന്ന് പോലീസ് എത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതിനുശേഷമാണ് വിദ്യാര്‍ഥിനികള്‍ പിന്മാറിയത്.ഈ സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ പ്രചരിച്ചത് മറ്റൊരു തരത്തിലായിരുന്നു. ആനന്ദി നായര്‍ എന്ന യൂസര്‍ ഒക്‌ടോബര്‍ 27നു ട്വീറ്റ് ചെയ്ത വീഡിയോയിലുള്ളത് ബസിനുള്ളില്‍ പര്‍ദയും ശിരോവസ്ത്രവും ധരിച്ച വിദ്യാര്‍ഥിനികളും സാരിയുടുത്ത മറ്റൊരു സ്ത്രീയും തമ്മില്‍ വാക്കുതര്‍ക്കം നടക്കുന്നതായാണ്. ബുര്‍ഖ ധരിക്കാതെ ആരെയും ബസില്‍ കയറാന്‍ അനുവദിക്കില്ല എന്ന് മുസ്‌ലിം വനിതകള്‍ പറയുകയാണെന്നും ഇവിടെ ഹിന്ദുക്കള്‍ക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെങ്കില്‍ ഇപ്പോള്‍ ശിരോവസ്ത്രം ധരിക്കണമെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.

51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഒമ്ബതു ലക്ഷത്തോളം പേരാണ് ഒറ്റ ദിവസം കൊണ്ട് കണ്ടത്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാകില്ലെന്ന കുറിപ്പോടെ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണിയും ഈ വീഡിയോ പങ്കുവച്ചിരുന്നു. ഇതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നപ്പോള്‍ അനില്‍ പോസ്റ്റ് പിന്‍വലിച്ചു.ബസ് എന്തിനു തടഞ്ഞു എന്നതിനെക്കുറിച്ചു വാക്കുതര്‍ക്കം മാത്രമാണ് ഈ സ്ത്രീയും വിദ്യാര്‍ഥിനികളും തമ്മില്‍ നടന്നതെന്നും വര്‍ഗീയച്ചുവയുള്ള ഒരു വാക്കുപോലും ഈ വിദ്യാര്‍ഥിനികളോ മറ്റു യാത്രക്കാരോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. സംഭവത്തില്‍ വര്‍ഗീയച്ചുവയില്ലെന്നും കോളജിന് മുന്നിലെ ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാത്രമാണ് സ്ഥലത്തുണ്ടായതെന്നും ബസ് അവിടെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും കുമ്ബള എസ്‌എച്ച്‌ഒ ഇ. അനൂപ്കുമാര്‍ പറഞ്ഞു.