കൊച്ചി : ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച്‌ നടനും, മുൻ എം പിയുമായ സുരേഷ് ഗോപി.ബാംഗ്ളൂരിലെ വീട്ടില്‍ എത്തിയ സുരേഷ് ഗോപിയെ സന്ദീപിന്റെ അമ്മ നിറകണ്ണുകളോടെ കെട്ടിപിടിച്ചു. ഒരു മകന്റെ വാത്സല്യത്തോടെ മേജര്‍ ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മിയെ സുരേഷ് ഗോപി ചേര്‍ത്ത് നിര്‍ത്തി. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഐഎസ് ആര്‍ഒ ഉദ്യോഗസ്ഥനായ കെ. ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്റെയും മകനാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍. 2008 നവംബര്‍ 26 ന് മുംബൈ താജ് ഹോട്ടലില്‍ എത്തിയ ലഷ്കര്‍ ഇ ത്വയിബ തീവ്രവാദികളെ നേരിടാന്‍ അയച്ച 51 സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ കമാന്‍റര്‍ സന്ദീപ് ഉണ്ണികൃഷ്ണനായിരുന്നു. പത്ത് കമാന്‍റോകളുടെ സഹായത്തോടെ മേജര്‍ ഉണ്ണികൃഷ്ണന്‍ കോണിപ്പടിയിലൂടെ ഹോട്ടലിന്റെ ആറാം നിലയില്‍ എത്തി.അഞ്ചും ആറും നിലയില്‍ ബന്ദികളായിരുന്നു മുഴുവന്‍ പേരെയും മേജര്‍ ഉണ്ണികൃഷ്ണനുംസംഘവും ചേര്‍ന്ന് മോചിപ്പിച്ചു. തിരിച്ചു വരവേ നാലാം നിലയിലെ ഒരു മുറിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന സംശയമുണര്‍ന്നു. ഈ മുറി ഉള്ളില്‍ നിന്നും കുറ്റിയിട്ടിരുന്നു. മുറി തകര്‍ത്ത് ഉള്ളില്‍ കടക്കുന്നതിനിടയില്‍ തീവ്രവാദികള്‍ തുരുതുരാ നിറയൊഴിച്ചു.

അതില്‍ രണ്ടു കാലുകള്‍ക്കും വെടിയേറ്റ സഹസൈനികന്‍ സുനില്‍ കുമാര്‍ യാദവിനെ ഉണ്ണികൃഷ്ണന്‍ തോളില്‍ ചുമന്നു. ഇതിനിടയില്‍ ഒരു ഗ്രനേഡ് മുറിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പുകമറ സൃഷ്ടിച്ച്‌ തീവ്രവാദികള്‍ രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം നടന്ന ഏറ്റുമുട്ടലിലാണ് സന്ദീപ് വീരമൃത്യു വരിച്ചത്. മരണാനന്തരം അദ്ദേഹത്തെ അശോകചക്ര പുരസ്കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു