കൊച്ചി: എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നുള്ള ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കൊച്ചി റൂറല്‍ പോലീസ്.

എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ലോട്ടറി സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ ഇമെയില്‍ മുഖാന്തരമോ, ഫോണ്‍ മുഖാന്തരമോ അറിയിക്കും. എടുത്തിട്ടില്ലാത്ത ലോട്ടറി അടിച്ചെന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് സംഘം സജീവമാണെന്നും പോലീസ് പറയുന്നു. ഈ തട്ടിപ്പിന് പുറമേ, കേരള ലോട്ടറിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കെതിരെയും സംസ്ഥാന ലോട്ടറി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയ്ക്കായി കേരള ഭാഗ്യക്കുറിക്ക് പ്രത്യേക ആപ്പുകള്‍ ഇല്ലെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്.