തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്ബ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്‌ആര്‍ടിസി മാനേജ്മെന്റ്.

വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച്‌ ഉത്തരവായി.ഇതില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി നിറത്തിലുള്ള പാന്റ്സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവര്‍കോട്ടുമായിരിക്കും. സ്റ്റേഷൻ മാസ്റ്റര്‍ തസ്തികയിലുള്ളവര്‍ക്കും കാക്കി പാന്റ്സും, ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് വേഷം. എന്നാല്‍, ഇവര്‍ക്ക് നെയിം ബോര്‍ഡും, ഷോള്‍ഡര്‍ ഫ്ലാപ്പില്‍ കാറ്റഗറിയും രേഖപ്പെടുത്തിയിരിക്കും.ഇൻസ്പെക്ടര്‍മാര്‍ക്ക് കാക്കി സഫാരി സ്യൂട്ടാണ് യൂണിഫോം. ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വെെസര്‍ക്ക് കാക്കി പാന്റ്സും ഫുള്‍ സ്ലീവ് ഷര്‍ട്ടുമായിരിക്കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും.

ഏറെ നാളായി കാക്കി യൂണിഫോം തിരികെ കൊണ്ടുവരണമെന്ന് ജീവനക്കാര്‍ യൂണിയൻ ഭേദമന്യേ ആവശ്യപ്പെട്ടിരുന്ന കാര്യമായിരുന്നു. യൂണിയനുകള്‍ ഇക്കാര്യമാവശ്യപ്പെട്ട് 2022-ല്‍ മാനേജ്മെന്റിനെ സമീപിച്ചിരുന്നു. പുതുവര്‍ഷം മുതല്‍ കാക്കി യൂണിഫോമായിരിക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉപയോഗിക്കുക എന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മുപ്പത് വര്‍ഷത്തില്‍ കൂടുതലായി ഉപയോഗിച്ച്‌ വന്നിരുന്ന കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്‌ആര്‍ടിസിയില്‍ പുതുമയും പ്രൊഫഷണലിസവും കൊണ്ടുവരാനുള്ള മാറ്റത്തിന്റെ ഭാഗമായിരുന്നു യൂണിഫോം മാറ്റമുണ്ടായത്. ഇതിന്റെ ഭാഗമായി കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറം. ഇൻസ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമായിരുന്നു യൂണിഫോം.