മെഡിക്കല്‍ കോളജിലെ യുവഡോക്ടര്‍ ജീവനൊടുക്കാൻ കാരണം ഇഷ്ടവിവാഹത്തിന് സ്ത്രീധനം തടസ്സമായതോടെ. സ്ത്രീധനം നല്‍കാൻ സാമ്ബത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി.വിദ്യാര്‍ഥിനി വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മൻസിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകള്‍ ഷഹ്ന(28)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റില്‍ സഹപാഠികളാണ് ഷഹ്നയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിതാവ് മരിച്ചുപോയതിനാല്‍ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടു. 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യു. കാറുമാണ് യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതെന്ന് ഷഹ്നയുടെ ബന്ധുക്കള്‍ പറയുന്നു.

മികച്ച സാമ്ബത്തിക സ്ഥിതിയുണ്ടായിരുന്നെങ്കിലും, യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാൻ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിൻമാറിയതായാണ് ബന്ധുക്കളുടെ ആരോപണം. ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നു. രണ്ടുവര്‍ഷം മുൻപാണ് ഷഹ്നയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചത്. രണ്ടു സഹോദരങ്ങളുമുണ്ട്.