സംശയത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.ചോറ്റാനിക്കര എരുവേലി പാണക്കാട്ട് വീട്ടില്‍ ഷൈജു (37) വിനെയാണ് ഭാര്യ ശാരി (36) യെ കൊലപ്പെടുത്തിയ കേസില്‍ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു എന്ന പരാതിയില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.തിങ്കളാഴ്ച വൈകീട്ട് 5.30-നും 6.30-നും ഇടയിലായിരുന്നു സംഭവം നടന്നത്. ശാരിയെ വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നാണ് ഷൈജു ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ ഡോക്ടറോടും പോലീസിനോടും ആദ്യം നല്‍കിയ മൊഴി. ശാരിയെ രക്ഷിക്കുന്നതിനു വേണ്ടി ആത്മഹത്യക്കുപയോഗിച്ച ഷാള്‍ മുറിച്ച്‌ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെന്നും പറഞ്ഞു. മൊഴിയില്‍ സംശയം തോന്നിയതിനാല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്കുശേഷം മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് അവശനിലയിലായ ശാരിയുടെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കി. മരണം ഉറപ്പാക്കാൻ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും മൂക്കിലും ചേര്‍ത്ത് അമര്‍ത്തി. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാൻ ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിനു കഴിയാതെ വന്നപ്പോള്‍ നാട്ടുകാരോട് ഭാര്യ കുഴഞ്ഞുവീണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. നാട്ടുകാരുെട സഹായത്തോടെ ആശുപത്രിയിലെത്തിയതോടെ ഡോക്ടറോട് ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞു.ആശുപത്രിയിലെ ഡോക്ടര്‍ ഷൈജു, പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയതോടെ പോലീസിലറിയിക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവുകളും ഷൈജുവിന്റെ പരസ്പരവിരുദ്ധമായ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി.പുത്തൻകുരിശ് ഡിവൈ.എസ്.പി. ടി.ബി. വിജയൻ, ഇൻസ്പെക്ടര്‍മാരായ കെ.പി. ജയപ്രസാദ്, കെ.ജി. ഗോപകുമാര്‍, ഡി.എസ്. ഇന്ദ്രരാജ്, വി. രാജേഷ് കുമാര്‍, എ.എസ്.ഐ. ബിജു ജോണ്‍, സി.പി.ഒ. രൂപേഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.