ചെന്നൈ: ഡി.എം.ഡി.കെ . നേതാവും തമിഴിലെ മുൻകാല സൂപ്പര്‍ താരവുമായ വിജയകാന്ത് (71) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ മരണവിവരം ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതരാണ് അറിയിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് വിജയകാന്തിനെ കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസം നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. മുൻ പ്രതിപക്ഷ നേതാവായിരുന്ന വിജയകാന്ത് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഈയിടെ തെരഞ്ഞെടുത്തിരുന്നു.