വിമതനീക്കംകൊണ്ട് കുട്ടനാട്ടില്‍ പാര്‍ട്ടിക്ക് ഉണ്ടായ നാണക്കേട് മറികടക്കാൻ സി.പി.ഐക്ക് മറുപണിയുമായി സി.പി.എം.സി.പി.ഐയിലെ അസംതൃപ്തരെ കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളാണു സി.പി.എം. മെനയുന്നത്. സി.പി.എമ്മിനു തിരിച്ചടി തുടങ്ങിയ രാമങ്കരിയില്‍ത്തന്നെയാണു സി.പി.ഐക്കെതിരായ ആദ്യനീക്കം എന്നതു ശ്രദ്ധേയമാണ്.സി.പി.ഐ. രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി. തോമസ് പാര്‍ട്ടിയില്‍നിന്നു രാജിവെച്ച്‌ സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.ഐ. നേതൃത്വത്തില്‍നിന്നു നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണു സി.പി.എമ്മില്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.സി.പി.ഐ. വിട്ടുവന്ന തോമസ് സി.പി.എം. രാമങ്കരി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ എത്തി പാര്‍ട്ടിയില്‍ ചേരാനുള്ള അപേക്ഷ നല്‍കി. മുൻപ് സി.പി.എം. പ്രവര്‍ത്തകനായിരുന്ന തോമസ് 2016- ല്‍ ആണ് സി.പി.ഐയില്‍ ചേര്‍ന്നത്. ഏറെ നാളത്തെ സി.പി.എം. പ്രവര്‍ത്തനപാരമ്ബര്യമുള്ള തനിക്ക് സി.പി.ഐയില്‍ ഉചിതമായ സ്ഥാനം ലഭിച്ചില്ലെന്നു തോമസ് കുറ്റപ്പെടുത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സി.പി.ഐ. വിട്ട് സി.പി.എമ്മിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.വിമതനീക്കം നടത്തി സി.പി.ഐയിലേക്കു നേതാക്കളും അംഗങ്ങളും കൂട്ടമായി പോയ നാണക്കേട് സി.പി.എമ്മിനുണ്ടായിരുന്നു. ഇതിനു മറുപടി നല്‍കണമെന്നു പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അതേസമയം മുന്നണി ബന്ധത്തിനു വിള്ളല്‍ വീഴ്ത്തുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാകരുത് എന്ന് നേതൃത്വം കര്‍ശനനിര്‍ദേശവും നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കെതിരേ പരസ്യ പ്രതികരണം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്ത ആളുകളോടു സംയമനത്തോടെയാണു സി.പി.എം. ഇടപെട്ടത്. പൊതുയോഗങ്ങളും കാല്‍നടജാഥകളും മാത്രമായിരുന്നു പാര്‍ട്ടിയുടെ മറുപടി.

സി.പി.ഐയില്‍ അസംതൃപ്തി ഉടലെടുത്ത സാഹചര്യം മുതലാക്കണം എന്നാണു സി.പി.എമ്മിനുള്ളിലെ ആവശ്യം. ഇതേത്തുടര്‍ന്ന് സി.പി.ഐയിലെ അസംതൃപ്തരായവരെ പ്രാദേശിക സി.പി.എം. നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. പ്രധാന ചുമതലയുള്ള ആളുകളും പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടെ 20 പേര്‍ വരുംദിവസങ്ങളില്‍ സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നു നേതാക്കള്‍ പറഞ്ഞു. രാമങ്കരിയില്‍നിന്നു കിട്ടിത്തുടങ്ങിയ രാഷ്ട്രീയ പ്രഹരത്തിന് അവിടെവെച്ചുതന്നെ മറുപടി നല്‍കിത്തുടങ്ങാനാണു സി.പി.എമ്മിന്റെ തീരുമാനം.സി.പി.എം. കുട്ടനാട് ഏരിയ സെക്രട്ടറി ജി. ഉണ്ണിക്കൃഷ്ണൻ രാമങ്കരി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ എത്തി തോമസിനെ സ്വീകരിച്ചു. സി.പി.ഐയില്‍നിന്നു രാജിവെച്ച്‌ സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തോമസ് സന്നദ്ധത അറിയിച്ചു എന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മറ്റു വിവരങ്ങള്‍ ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.