ഡല്‍ഹി: 2022-23-ല്‍ സാമ്ബത്തിക വർഷത്തില്‍ ഇലക്ടറല്‍ ബോണ്ടുകള്‍വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്.ഇക്കാലയളവില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴിരട്ടി തുകയാണ് ബി.ജെ.പിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ബി.ജെ.പിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022-23 വർഷത്തില്‍ ബി.ജെ.പിക്ക് ലഭിച്ച തുകയുടെ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ്. ഇതേകാലയളവില്‍ പാർട്ടിക്ക് മൊത്തം 2120 കോടി രൂപ സംഭാവനയായി ലഭിച്ചു.

2021-22 സാമ്ബത്തിക വർഷത്തില്‍ ഇത് 1775 കോടി രൂപയായിരുന്നു. 2021-22 വർഷത്തില്‍ 1917 കോടിയായിരുന്ന പാർട്ടിയുടെ മൊത്തം വരുമാനം 2022-23ല്‍ 2360.8 കോടി രൂപയായി ഉയർന്നതായും റിപ്പോർട്ടില്‍ പറയുന്നു. പലിശയിനത്തില്‍ കഴിഞ്ഞ വർഷം ബി.ജെ.പി 237 കോടി രൂപ സമ്ബാദിച്ചു. 2021-22ല്‍ ഇത് 135 കോടിയായിരുന്നു. തിരഞ്ഞെടുപ്പിനും പൊതുപ്രചാരണങ്ങള്‍ക്കുമായി വിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും സേവനത്തിനായി 78.2 കോടി രൂപ പാർട്ടി കഴിഞ്ഞ വർഷം ചെലവഴിച്ചു. സ്ഥാനാർഥികള്‍ക്ക് 76.5 കോടി രൂപ സാമ്ബത്തിക സഹായമായി നല്‍കിയതായും റിപ്പോർട്ടിലുണ്ട്.