കത്രിക്കടവിലെ ഇടശേരി ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. തൊടുപുഴ കറുക സ്വദേശിയായ അൻവർ ബിലാലിന്റെ പേരില്‍ രജിസ്റ്റർ ചെയ്ത വാഹനത്തിലെത്തിയ നാലംഗസംഘമാണ് ബാറില്‍ വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്.ആക്രമണത്തിന് ശേഷം ഇവർ കാറില്‍ കടന്നുകളയുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം. രാത്രി ബാറിലെത്തിയ സംഘം ബാർ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. തുടർന്ന് മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്.

ബാറിലെ ജീവനക്കാരായ സുജിൻ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവർക്കാണ് വെടിയേറ്റത്. ബാറിലെ മാനേജർക്ക് ക്രൂരമായി മർദനമേല്‍ക്കുകയും ചെയ്തു. ഒരാളുടെ വയറിലേക്ക് രണ്ട് തവണ വെടിയുതിർത്തു, മറ്റൊരു ജീവനക്കാരന്റെ തുടയിലാണ് വെടിയേറ്റത്. റിവോള്‍വറില്‍ നിന്നാണ് വെടിയുതിർത്തിരിക്കുന്നതെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.