പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞതായി ആഭ്യന്തര മന്ത്രി അമിത് ഷാ.അതില്‍ ആർക്കും യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് നമ്മള്‍ ദേശീയ കൗണ്‍സില്‍ വിളിച്ച്‌ചേർത്തിരിക്കുന്നത്. ഈ കണ്‍വെൻഷന് ശേഷം മോദിയുടെ ‘വികസിത് ഭാരത്’ സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമ്മള്‍ മണ്ഡലങ്ങളിലേക്കിറങ്ങുകയാണെന്നും അമിത് ഷാ പറഞ്ഞു.

ബൂത്ത് തലത്തില്‍ പ്രവർത്തിച്ച ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാകാം. ഈ സൗകര്യം ബി.ജെ.പിയില്‍ മാത്രമേ കാണൂ,കാരണം ഇതൊരു ജനാധിപത്യപാർട്ടിയായി നിലനില്‍ക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.’75 വർഷത്തിനിടെ 17 ലോക്സഭാ തെരഞ്ഞെടുപ്പുകളും 22 സർക്കാരുകളും 15 പ്രധാനമന്ത്രിമാരേയും ഈ രാജ്യം കണ്ടു. രാജ്യത്തെ എല്ലാ സർക്കാരുകളും തങ്ങളുടെ കാലത്തിനനുസരിച്ച്‌ വികസനം കൊണ്ടുവരാൻ ശ്രമിച്ചു. എന്നാല്‍ ഇന്ന് എനിക്ക് ഒരു സംശയവുമില്ലാതെ പറയാൻ കഴിയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 10 വർഷത്തിനുള്ളില്‍ മാത്രമാണ് സമഗ്ര വികസനം, എല്ലാ മേഖലയുടെയും വികസനം, ഓരോ വ്യക്തിയുടെയും വികസനം നടന്നത്’ അമിത് ഷാ അവകാശപ്പെട്ടു.പ്രതിപക്ഷ സഖ്യവും കോണ്‍ഗ്രസും രാജ്യത്തെ ജനാധിപത്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുകയാണ്. അവർ രാജ്യത്തിന്റെ ജനാധിപത്യത്തെ അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും കൊണ്ട് നിറച്ചു. അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും ഇല്ലാതാക്കി പ്രധാനമന്ത്രി മോദി 10 വർഷം കൊണ്ട് വികസനം കൈവരിച്ചുവെന്നും അമിത് ഷാ പറഞ്ഞു.’അടിമത്തത്തിന്റെ പ്രതീകങ്ങളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനാണ് പ്രധാനമന്ത്രി മോദി ആദ്യമായി ആഹ്വാനം ചെയ്തത്. സ്വാതന്ത്ര്യംനേടി രണ്ടാം ദിനത്തില്‍ ഇത് ആരംഭിക്കേണ്ടതായിരുന്നു, എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തിലിരുന്നിടത്തോളം കാലം അവർ അത് ചെയ്തില്ല. മൂന്നാംമോദി സർക്കാർ വരുന്നതോടെ ഈ രാജ്യം തീവ്രവാദം,ഭീകരവാദം, നക്സലിസം എന്നിവയില്‍ നിന്ന് സ്വയം മോചിതരാവുകയും സമാധാനപൂർണവും സമൃദ്ധവുമായ ഇന്ത്യയായി മാറുമെന്ന് രാജ്യത്തെ ജനങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു’ ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.