കൊയിലാണ്ടിയില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ കുത്തിക്കൊന്ന കേസില്‍ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്.തുടർച്ചയായ അവഗണനയും പാർട്ടി പ്രവർത്തനത്തില്‍നിന്ന് മാറ്റിനിർത്തിയതുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.സി.പി.എം. ബ്രാഞ്ച് അംഗമായിരുന്ന തന്നെ പാർട്ടിയില്‍നിന്ന് ഒഴിവാക്കാൻ കാരണം സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചിരുന്നു. പാർട്ടിയില്‍നിന്ന് ഒഴിവാക്കിയതോടെ തുടർച്ചയായ അവഗണനകള്‍ നേരിട്ടു. മറ്റുപാർട്ടിക്കാരില്‍നിന്ന് മർദനമേറ്റപ്പോഴും തന്നെ കുറ്റപ്പെടുത്തി. ഇതിനെല്ലാം കാരണക്കാരൻ സത്യനാഥനാണെന്ന് പ്രതി കരുതി. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൊഴിയില്‍ പറയുന്നത്.

വ്യാഴാഴ്ച രാത്രി പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെയാണ് സി.പി.എം. കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥൻ കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ അഭിലാഷ് സംഭവത്തിന് പിന്നാലെ പോലീസില്‍ കീഴടങ്ങുകയായിരുന്നു.