വയനാട്ടില്‍ത്തന്നെ വീണ്ടും മത്സരിക്കാനാണ് രാഹുല്‍ഗാന്ധിയുടെ താത്പര്യമെങ്കിലും അദ്ദേഹം പിൻവാങ്ങിയാല്‍ ആരായിരിക്കും പകരമെന്ന ചർച്ചകളും ചൂടുപിടിച്ചുതുടങ്ങി.ഷാനിമോള്‍ ഉസ്മാൻ, എം.എം. ഹസൻ, ടി. സിദ്ദിഖ് എം.എല്‍.എ., മലപ്പുറത്തുനിന്നുള്ള കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലി എന്നീ പേരുകള്‍ ഉയർന്നുകേള്‍ക്കുന്നുണ്ട്. പക്ഷേ, സിദ്ദിഖിനെ മത്സരിപ്പിച്ച്‌ കല്പറ്റയില്‍ കോണ്‍ഗ്രസ് ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടാക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്.

കല്പറ്റ കോണ്‍ഗ്രസിന് പൂർണമായി സുരക്ഷിത മണ്ഡലമല്ല. രാഹുല്‍ഗാന്ധിതന്നെ ഇവിടെ മത്സരിക്കും അതുകൊണ്ട് പകരം ഒരാളെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. മറ്റു ചില പേരുകള്‍ ഉയർന്നുകേട്ടിരുന്നെങ്കിലും അത് വയനാട്ടിലെ കോണ്‍ഗ്രസുകാർക്കിടയില്‍ സ്വീകാര്യമല്ല.രാഹുല്‍ ഗാന്ധിയല്ലെങ്കില്‍ മുസ്ലിം സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന കടമ്ബ കോണ്‍ഗ്രസിനു മുന്നിലുണ്ട്. അല്ലാതെ മുസ്ലിം സ്ഥാനാർഥിയല്ലാത്ത ഒരാളെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. വയനാട്ടില്‍ ഇല്ലെങ്കില്‍ കേരളത്തില്‍ ഒരു ലോക്സഭാ മണ്ഡലത്തിലും കോണ്‍ഗ്രസിന് മുസ്ലിം പ്രതിനിധിയില്ലാതെ പോവും.വയനാട് ലോക്സഭാ മണ്ഡലം രൂപവത്കരിച്ചശേഷം നാലാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ആദ്യ രണ്ടുതവണയും എം.ഐ. ഷാനവാസായിരുന്നു വിജയിച്ചത്. കഴിഞ്ഞതവണ രാഹുല്‍ ഗാന്ധിയായതുകൊണ്ടാണ് മുസ്ലിംസംഘടനകള്‍ എതിർപ്പുന്നയിക്കാതിരുന്നത്.കെ.പി. നൗഷാദലി വയനാട് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട ഏറനാട് നിന്നുള്ളയാളാണെങ്കിലും ഷാനിമോള്‍ ഉസ്മാനാണ് സാധ്യതകൂടുതല്‍ കാണുന്നത്.

കോണ്‍ഗ്രസില്‍ സ്ഥാനാർഥി ചർച്ചകള്‍ ആരംഭിച്ചിട്ടില്ല. ഊഹാപോഹങ്ങള്‍മാത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ പ്രതികരണമറിയാൻ കാത്തുനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വയനാട്ടില്‍ നിന്ന് കർഷകപ്രതിനിധിയെ പാർലമെന്റില്‍ എത്തിക്കണമെന്നാണ് താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ കല്പറ്റയില്‍നിന്ന കാത്തലിക്ക് കോണ്‍ഗ്രസിന്റെ റാലിയില്‍ പ്രസംഗിച്ചത്. അതുകൊണ്ട് സഭ ആവശ്യമുന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിരുവമ്ബാടിയിലും സുല്‍ത്താൻ ബത്തേരിയിലും സഭയ്ക്ക് സ്വാധീനമുള്ള മേഖലകളാണ്. എല്‍.ഡി.എഫില്‍ സി.പി.ഐ. ആനിരാജയ്ക്കുവേണ്ടി പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മാർച്ച്‌ ഒന്നിന് മാനന്തവാടിയില്‍ റോഡ്ഷോയോടെ അവരുടെ പ്രചാരണമാരംഭിക്കാനാണ് സാധ്യത. ബി.ജെ.പി.യില്‍ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ പേരാണ് പരിഗണനയിലുള്ളത്.