തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പർ ലോറിയില്‍നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്.അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കുമെന്നാണ് കുടുംബത്തെ നേരില്‍ക്കണ്ട് അവർ അറിയിച്ചത്. മുൻപ് ടിപ്പർ അപകടത്തില്‍ പരുക്കേറ്റ് കാല് നഷ്ടമായ സന്ധ്യാ റാണിക്കും ധനസഹായം നല്‍കും.കുടുംബത്തിന് ധനസഹായം നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സർവകക്ഷി യോഗത്തില്‍ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് ധനസഹായം നല്‍കാൻ സന്നദ്ധത അറിയിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിഡിഎസ് വിദ്യാർഥിയായിരുന്ന അനന്തു (24) ടിപ്പർ ലോറിയില്‍നിന്ന് കല്ലുതെറിച്ച്‌ ദേഹത്ത് വീണ് മരണപ്പെട്ടത്. രാവിലെ സ്കൂട്ടറില്‍ കോളേജിലേക്കു പോകുമ്ബോഴായിരുന്നു അപകടം. വീട്ടില്‍ നിന്നും ഒരുകിലോമീറ്റർ അകലെ മുക്കോല ജങ്ഷന് സമീപം ടിപ്പർ ലോറിയില്‍ നിന്ന് കല്ലുതെറിച്ച്‌ ദേഹത്ത് വീഴുകയായിരുന്നു. ടിപ്പറില്‍ കയറ്റാവുന്നതിലും അധികം കല്ലുണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ടുമാസം മുമ്ബാണ് വിഴിഞ്ഞം തുറമുഖ ആവശ്യത്തിന് കല്ലുമായി പോയ ടിപ്പർ മൂലം അപകടത്തില്‍ പെട്ട് സന്ധ്യയുടെ കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായത്.