തിരുവനന്തപുരം: ദീർഘദൂരപാതകളും പുതിയ ബസുകളും അനുവദിക്കുന്നതില്‍ സ്വിഫ്റ്റിനുള്ള മുൻഗണ അവസാനിപ്പിക്കും. ജീവനക്കാരുടെ യൂണിഫോമിലും സർവീസ് നടത്തിപ്പിലുമൊക്കെ മാറ്റമുണ്ടാകും.

ദീർഘദൂര ബസുകളുടെ ഓണ്‍ലൈൻ ബുക്കിങ് പഴയപടി കെ.എസ്.ആർ.ടി.സി.ക്ക് കൈമാറും. സ്വിഫ്റ്റിലെ ജീവനക്കാരെ കെ.എസ്.ആർ.ടി.സി. ബസുകളില്‍ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.സിറ്റി സർക്കുലർ ഇ ബസുകള്‍ക്കു പിന്നാലെ സ്വിഫ്റ്റിന്റെ നടത്തിപ്പിലും കാര്യമായ അഴിച്ചുപണിക്കാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ ഒരുങ്ങുന്നത്.

കാര്യക്ഷമമാക്കുന്നതിനുവേണ്ടിയാണെന്ന് അവകാശപ്പെടുമ്ബോഴും മുൻഗാമി ആന്റണി രാജു ചെയ്തതെല്ലാം പുനഃപരിശോധിക്കുന്ന നയത്തിന്റെ ഭാഗമാണ് അഴിച്ചുപണിയെന്നും ആക്ഷേപമുണ്ട്. കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് ലാഭകരമെന്ന് വിശേഷിപ്പിച്ച പദ്ധതികളാണ് മന്ത്രിമാറിയതോടെ നഷ്ടപ്പട്ടികയിലേക്ക് ഇടംപിടിക്കുന്നത്.2022 ഫെബ്രുവരിലാണ് സ്വിഫ്റ്റ് തുടങ്ങിയത്. കെ.എസ്.ആർ.ടി.സി.ക്ക് കുറഞ്ഞ ചെലവില്‍ ബസും ജീവനക്കാരെയും വാടകയ്ക്ക് നല്‍കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്ബനിയാണിത്. ഇതിനെ കെ.എസ്.ആർ.ടി.സി.യിലേക്ക് ലയിപ്പിക്കണമെങ്കില്‍ ഇടതുമുന്നണിയുടെ അനുമതി വേണ്ടിവരുമെന്നതിനാല്‍ തത്കാലം പ്രവർത്തനശൈലിയില്‍ മാറ്റംവരുത്തി വഴിയൊരുക്കാനാണ് നീക്കം.ജില്ലാഓഫീസുകളുടെയും വർക്ഷോപ്പുകളുടെയും ഏകീകരണം കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു.

അടുത്ത ബാച്ച്‌ ഡീസല്‍ബസുകള്‍ കെ.എസ്.ആർ.ടി.സി.ക്ക് നല്‍കാനാണ് ധാരണ. ഇതിലൂടെ തൊഴിലാളിസംഘടനകളുടെ പിന്തുണയും മന്ത്രി ഉറപ്പാക്കുന്നുണ്ട്.കെ.എസ്.ആർ.ടി.സിയിലെ സേവന വേതന വ്യവസ്ഥകളില്‍ ദീർഘദൂരബസുകള്‍ ഓടിക്കുമ്ബോള്‍ പ്രവർത്തനച്ചെലവ് കൂടും. ഇതൊഴിവാക്കാൻ കരാർജീവനക്കാരെയാണ് സ്വിഫ്റ്റില്‍ നിയോഗിച്ചിട്ടുള്ളത്. ബസുകളുടെ അറ്റകുറ്റപ്പണിക്ക് നിർമാതാവിനുതന്നെ കരാർ നല്‍കുക വഴി ചെലവ് കുറയ്ക്കുകയും ചെയ്തു. 2023-ലെ പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവർത്തന റിപ്പോർട്ടില്‍ ലാഭത്തിലുള്ള ഏക പൊതുമേഖലാ ഗതാഗതസംവിധാനമായി സ്വിഫ്റ്റ് ഇടംപിടിക്കുകയും ചെയ്തു.സ്വിഫ്റ്റിനെ ഉടൻ കെ.എസ്.ആർ.ടി.സി.യില്‍ ലയിപ്പിക്കണമെന്നാണ് തൊഴിലാളിസംഘടനകളുടെ ആവശ്യം. മന്ത്രി ഗണേഷ്കുമാറും ഇതിനോട് യോജിച്ചിരുന്നു. 1300 താത്കാലിക ജീവനക്കാരാണ് സ്വിഫ്റ്റിലുള്ളത്.പുതിയ ബസുകളും ദീർഘദൂര ട്രിപ്പുകളും കൈമാറിയതാണ് കെ.എസ്.ആർ.ടി.സി.യിലെ തൊഴിലാളിസംഘടനകള്‍ക്ക് സ്വിഫ്റ്റിനോടുള്ള എതിർപ്പിന് പ്രധാന കാരണം.