സമൂഹ മാധ്യമങ്ങളിലൂടെ ദിവസംപ്രതി പറ്റിക്കപ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പരിചയപ്പെടുന്ന സുഹൃത്തുക്കളെ കണ്ണടച്ച്‌ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്.

കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് ഹണിട്രാപിനെതിരെ ജാഗ്രത വേണമെന്ന് വ്യക്തമാക്കുന്നത്.ഹണിട്രാപില്‍ പെടുന്നത് നമ്മള്‍ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണില്‍ അറിയാത്ത നമ്ബറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കണമെന്ന് പൊലീസ് കുറിപ്പില്‍ പറഞ്ഞു.മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെകോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും.

സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും.ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്.തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ല്‍ അറിയിച്ചാല്‍ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ് – പോസ്റ്റില്‍ വ്യക്തമാക്കുന്നു.