കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില വര്‍ധിച്ചുവരികയാണ്. ആഗോള വിപണിയിലും വന്‍ തോതില്‍ വില ഉയരുന്നുണ്ട്.ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. വലിയ വില മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ പവന്‍ വിലയില്‍ ആയിരം രൂപയുടെ മാറ്റമുണ്ടായി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില വൈകാതെ 60000ത്തിലേക്ക് എത്തും.ഏപ്രില്‍ ഒന്നിന് കേരളത്തില്‍ ഒരു പവന് രേഖപ്പെടുത്തിയ വില 50880 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം 200 രൂപ കുറഞ്ഞത് ഇനിയും കുറയുമെന്ന സൂചനയായി കണ്ടവരുണ്ട്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ബുധനാഴ്ച 600 രൂപയും വ്യാഴാഴ്ച 400 രൂപയും വര്‍ധിച്ചു. അമേരിക്കയും യൂറോപ്പും പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ തുടര്‍ച്ചയായി വരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 51680 രൂപയാണ്. ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 6460യിലെത്തി. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് 56000 രൂപ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് അര ലക്ഷം രൂപ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികല്‍ സ്വീകരിക്കാറ്.